കൊച്ചി: കസ്റ്റഡിയിലെടുത്ത ഭർത്താവിനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ മർദിച്ച സി.ഐക്ക് സസ്പെൻഷൻ. 2024 ജൂൺ 20ന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിന്‍റെ വിഡിയോദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. എസ്.എച്ച്.ഒ ആയിരുന്ന പ്രതാപചന്ദ്രനാണ് ക്രൂരമായി മർദിച്ചത്.
തൊടുപുഴ സ്വദേശിനി ഷൈമോൾക്കാണ് മർദനമേറ്റത്. യുവതിയുടെ ഒരുവർഷത്തിലധികം നീണ്ട പോരാട്ടത്തിനൊടുവിൽ ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് യുവതിക്ക് കൈമാറുകയായിരുന്നു. ഗർഭിണിയായ യുവതിയുടെ നെഞ്ചിൽ പിടിച്ച് തള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പിക്ക് നിർദേശം നൽകിയിരുന്നു. എ.ഡി.ജി.പിയുടെ നിർദേശ പ്രകാരം ദക്ഷിണ മേഖല ഐ.ജി ശ്യാം സുന്ദർ ആണ് പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. നിലവിൽ അരൂർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയാണ് പ്രതാപചന്ദ്രൻ.
ക്രിമിനൽ കേസുകളിലെ പ്രതിയാണ് യുവതിയുടെ ഭർത്താവെന്നും മോഷണ കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് കേസെടുത്തതെന്നുമാണ് സി.ഐ പറയുന്നത്. ഭർത്താവിനെ തിരക്കി കുഞ്ഞുങ്ങളുമായി സ്റ്റേഷനിൽ എത്തിയ യുവതി വനിതാ പൊലീസുകാരെ ഉൾപ്പെടെ തള്ളിമാറ്റി. തുടർന്ന് കുഞ്ഞുങ്ങളെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുഞ്ഞുങ്ങളുടെ ജീവൻവച്ചു വിലപേശാനാണ് യുവതി തുനിഞ്ഞതെന്നും പ്രതാപചന്ദ്രൻ ആരോപിച്ചിരുന്നു.
































