ബിജെപി അധികാരത്തിലേറും മുന്നേ തിരുവനന്തപുരം കോർപ്പറേഷനിലെ 200 കോടി ട്രഷറിയിലേക്ക് മാറ്റാൻ സർക്കാർ നിർദേശം, ആരോപണം കടുപ്പിച്ച് പ്രതിഷേധവുമായി ബിജെപി

Advertisement

തിരുവനന്തപുരം: തദ്ദേശ തെര‍ഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി തലസ്ഥാന ഭരണം ബി ജെ പി പിടിച്ചെടുത്തതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിൽ സാമ്പത്തികപ്രതിസന്ധി ഉണ്ടാക്കാൻ സംസ്ഥാന സർക്കാരിന്‍റെ ഗൂഢശ്രമമെന്ന് ബിജെപി ജില്ലാ നേതൃത്വം. തിരുവനന്തപുരം കോർപ്പറേഷനിലെ ഫണ്ടിൽ നിന്ന് 200 കോടി ട്രഷറിയിൽ എത്തിക്കാൻ സർക്കാർ നിർദേശം നൽകിയെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ഇതെന്നും തിരുവനന്തപുരം സിറ്റി ബിജെപി അധ്യക്ഷൻ കരമന ജയൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

പുതിയ ഭരണ സമിതിയുടെ പ്രവർത്തനങ്ങളെ തകർക്കാനുള്ള ശ്രമമാണ് ഇതെന്നും വ്യക്തമായ തെളിവുകൾ ലഭിച്ചെന്നും കരമന ജയൻ പറഞ്ഞു. ബി ജെ പിയുടെ ഭരണത്തെ തകർക്കാൻ ഉള്ള ശ്രമമാണ് ഇതെന്നും ശക്തമായി നേരിടുമെന്നും സമര പരിപാടികൾ ഉടൻ തന്നെ ശക്തമാക്കുമെന്നും കരമന ജയൻ വ്യക്തമാക്കി.

തലസ്ഥാനത്ത് സംഭവിച്ചത്

തിരുവനന്തപുരം കോർപറേഷൻ 100 ൽ 50 സീറ്റുകളിൽ വിജയം നേടിയാണ് ബി ജെ പി അധികാരം പിടിച്ചെടുത്തത്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ബി ജെ പിക്ക് തലസ്ഥാന നഗരം ഭരിക്കാം. വിഴിഞ്ഞം ഡിവിഷനിൽ തെരഞ്ഞെടുപ്പ് നടന്നില്ല. ഒരു സ്ഥാനാർഥി മരിച്ചതിനാലാണ് ഇവിടെ വോട്ടെടുപ്പ് നടക്കാതിരുന്നത്. കോർപറേഷനിൽ കേവല ഭൂരിപക്ഷം തൊടാൻ ഇവിടെ ബി ജെ പിക്ക് ജയിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ജയിച്ച രണ്ട് സ്വതന്ത്രരെ ഒപ്പം കൂട്ടണം. മറുവശത്ത് ഭരണം നഷ്ടമായ ഇടതുപക്ഷം 29 സീറ്റിലാണ് ജയിച്ചത്. യു ഡി എഫ് 19 സീറ്റിലും വിജയിച്ചു. ഇരുമുന്നണികളും ചേർന്നാൽ ആകെ 48 സീറ്റാകും. സ്വതന്ത്രരുടെ പിന്തുണ കൂടി നേടാനായാൽ ആകെ 50 സീറ്റാകും. എന്നാൽ അധികാരം പിടിക്കാനായി അത്തരത്തിലുള്ള കുതിരക്കച്ചവടത്തിനില്ലെന്നാണ് സി പി എമ്മിന്‍റെയും കോൺഗ്രസിന്‍റെയും നിലപാട്. അതുകൊണ്ടുതന്നെ ബി ജെ പിക്ക് അനായാസം അധികാരത്തിലേറാം. ജില്ലയിലെ മുൻ അധ്യക്ഷൻ വി വി രാജേഷ്, മുൻ ഡി ജി പി ശ്രീലേഖ എന്നിവരെയാണ് മേയർ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here