പോറ്റിയേ കേറ്റിയേ.. പാട്ടിനെതിരെ കേസ് എടുത്തതിന് പിന്നാലെ പാട്ട് നീക്കാന്‍ പൊലീസ്. വെബ്സൈറ്റുകളില്‍ നിന്നും യൂട്യൂബില്‍ നിന്നും പാട്ട് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. മതവിദ്വേഷം വളര്‍ത്തുന്ന ഉള്ളടക്കമെന്ന് നിലപാടിലാണ് പൊലീസ് നീക്കം. മതവിശ്വാസം തകർക്കാനും വിശ്വാസ സമൂഹത്തെ പരസ്പരം ഇളക്കി വിടാനും ലക്ഷ്യമിട്ടാണ് ഗാനം തയ്യാറാക്കിയതെന്നാണ് എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്. കേസില്‍ അണിയറ പ്രവര്‍ത്തകരുടെയും പരാതിക്കാരന്റെയും മൊഴിയെടുക്കും.
തിരുവനന്തപുരം സൈബർ ക്രൈം പൊലീസിനാണ് അന്വേഷണ ചുമതല. ഗാനം ഷെയർ ചെയ്തവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നുമുണ്ട്. പരാതി സൈബർ ഓപ്പറേഷൻ വിഭാഗം എസ്പിയുടെ നേതൃത്വത്തിൽ പരിശോധിച്ചിരുന്നു. ഗാനത്തിന്റെ വരികൾ അടക്കം പരിശോധിച്ച സൈബർ ഓപ്പറേഷൻസ് ഭാഗം കേസെടുക്കാം എന്ന ശുപാർശയാണ് നൽകിയത്. ഇതിന് പിന്നാലെയാണ് കേസെടുത്തത്. കേരളത്തിലെ സമീപകാല ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗാനത്തിനെതിരെ കേസെടുക്കുന്നത്.
































