ക്രിസ്മസ്-പുതുവത്സര ആഘോഷം: സംയോജിത പരിശോധനകള്‍ ശക്തമാക്കും- ജില്ലാ കലക്ടര്‍

Advertisement

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംയോജിതപരിശോധനകള്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശാക്തീകരിക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല മേധാവികളുടെ സംയുക്ത യോഗത്തില്‍ വിവിധ വകുപ്പുകള്‍ക്ക് നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കി.

വ്യാജമദ്യം, മയക്കുമരുന്ന്, ലഹരിവസ്തുക്കള്‍ എന്നിവയുടെ വിപണനം-ഉപയോഗം തടയുന്നതിന് എക്‌സൈസ്-പൊലീസ് സംയുക്ത സ്‌ക്വാഡുകള്‍ പരിശോധന നടത്തും. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം നമ്പറുകളായ 0474 2745648, 9447178054, 9496002862 എന്നിവയില്‍ പരാതികള്‍ അറിയിക്കാം. സ്‌ട്രൈക്കിങ് ഫോഴ്‌സും റേഞ്ച്- സബ് ഓഫീസുകളിലെ സ്‌പെഷ്യല്‍ സ്‌ക്വാഡുകളും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പൊലീസ്, എക്‌സൈസ്, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത റെയ്ഡുകളും വാഹനപരിശോധനയും കൂടുതല്‍ ഊര്‍ജിതമാക്കും. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ബോര്‍ഡര്‍ പട്രോള്‍ സംഘം പരിശോധന നടത്തും. റെയില്‍വേ സ്‌റ്റേഷന്‍, പാഴ്‌സല്‍ ഓഫീസുകള്‍, ഹോംസ്‌റ്റേ, റിസോര്‍ട്ടുകള്‍, ഹൗസ് ബോട്ടുകള്‍, സ്‌കൂള്‍, കോളജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കാനും നിര്‍ദേശിച്ചു.

ഉത്സവകാലത്തെ വിലവര്‍ധനവും പൂഴ്ത്തിവയ്പ്പും തടയുന്നതിനായി സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ്, തഹസില്‍ദാര്‍മാര്‍ എന്നിവരുടെ സ്‌ക്വാഡുകളെയാണ് പരിശോധനയ്ക്ക് ചുമതലപ്പെടുത്തിയത്. വ്യാപാരസ്ഥാപനങ്ങളിലെയും മറ്റ് കടകളിലെയും അളവ് -തൂക്ക് ഉപകരണങ്ങളിലെ വെട്ടിപ്പ്, പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, കൃതൃമവിലക്കയറ്റം, മായംചേര്‍ക്കല്‍ തുടങ്ങിയവ പരിശോധിച്ച് ഇല്ലെന്ന് ഉറപ്പാക്കണം. പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, മാലിന്യനിര്‍മാര്‍ജനം വിഷയങ്ങളില്‍ ആരോഗ്യം, തദ്ദേശസ്വയംഭരണം, ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ നടപടി സ്വീകരിക്കണം.

ഗതാഗത നിയമങ്ങള്‍ പാലിക്കാതെ മദ്യപിച്ചും അമിതവേഗത്തില്‍ അശ്രദ്ധയോടെ വാഹനം ഓടിക്കുന്നവര്‍ക്കെതിരേയും ആര്‍.ടി.ഒ കര്‍ശന നടപടികള്‍ സ്വീകരിക്കണം. വനമേഖല കേന്ദ്രീകരിച്ചുള്ള വ്യാജ മദ്യനിര്‍മാണം, വനാതിര്‍ത്തികള്‍ വഴിയുള്ള ലഹരികടത്തും തടയുന്നതിന് വനം വകുപ്പ് ക്രമീകരണങ്ങള്‍ നടത്തും. ആഘോഷദിനങ്ങളില്‍ ബീച്ചില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ നിയോഗിക്കാനും സിവില്‍ ഡിഫന്‍സ് വൊളന്റിയേഴ്‌സിന്റെ സേവനം വിനിയോഗിക്കാനും തീരുമാനിച്ചു. മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആവശ്യമായ സുരക്ഷ ഒരുക്കും. ക്രമസമാധാന-ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതെയുള്ള ഉത്സവകാലം ഒരുക്കാന്‍ എല്ലാ വകുപ്പുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. എ.ഡി.എം ജി നിര്‍മല്‍കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here