ട്രെയിന്‍ ടിക്കറ്റ് സ്റ്റാറ്റസ് ഇനി നേരത്തെ അറിയാം…..

Advertisement

ട്രെയിന്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്തില്‍ മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ. യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതിനും അവസാന നിമിഷം സീറ്റുകള്‍ ലഭ്യമാണോ എന്ന് അറിയുന്നതിനും യാത്രക്കാരെ സഹായിക്കുന്നതിനാണ് ഈ പരിഷ്‌കാരം.
പുതിയ തീരുമാനപ്രകാരം ട്രെയിന്‍ പുറപ്പെടുന്നതിന് കൃത്യം നാല് മണിക്കൂര്‍ മുന്‍പ് തന്നെ ആദ്യ ചാര്‍ട്ട് പ്രസിദ്ധീകരിക്കും. മുന്‍പ് പല ട്രെയിനുകളിലും ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്തില്‍ ഏകീകരണം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ എല്ലാ ട്രെയിനുകള്‍ക്കും നാല് മണിക്കൂര്‍ എന്ന നിശ്ചിത സമയം ബാധകമായിരിക്കും.
ആദ്യ ചാര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷവും സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് ഓണ്‍ലൈനായോ പിആര്‍എസ് കൗണ്ടറുകള്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. രണ്ടാമത്തെയും അവസാനത്തെയും ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പാണ് തയ്യാറാക്കുക.
ഈ സമയത്തിനുള്ളില്‍ റദ്ദാക്കുന്ന ടിക്കറ്റുകള്‍ വഴിയുണ്ടാകുന്ന ഒഴിവുകള്‍ വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ ലഭിക്കും. റെയില്‍വേയുടെ ഈ നടപടി സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാര്‍ക്ക് കൃത്യമായ വിവരം നേരത്തെ ലഭിക്കാനും സഹായിക്കുമെന്ന് റെയില്‍വേ വക്താവ് അറിയിച്ചു.
മലിനീകരണവും മൂടല്‍മഞ്ഞും കാരണം ട്രെയിനുകള്‍ വൈകുന്ന സാഹചര്യത്തില്‍, ചാര്‍ട്ടിംഗ് സമയത്തിലെ ഈ കൃത്യത യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകും. ട്രെയിനുകളുടെ സമയക്രമം മാറുന്നതിനനുസരിച്ച് ചാര്‍ട്ടിംഗിലും മാറ്റം വരാമെങ്കിലും നാല് മണിക്കൂര്‍ എന്ന നിബന്ധന പാലിക്കാന്‍ സോണല്‍ റെയില്‍വേകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുന്‍പ് ഏറെ വൈകിയാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് സ്റ്റാറ്റസ് അറിയാന്‍ സാധിച്ചിരുന്നത്. പുതിയ പരിഷ്‌കരണത്തോടെ ഈ പ്രശ്‌നത്തിനും പരിഹാരമാകും എന്നാണ് പ്രതീക്ഷ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here