ന്യൂഡല്‍ഹി: രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നിന്റെ കുറിപ്പടികള്‍ വ്യക്തമായിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം. അവ്യക്തമായ കൈയക്ഷരം കാരണം രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരവുമായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഇടപെടീല്‍. മെഡിക്കല്‍ കുറിപ്പടികള്‍ വ്യക്തമായും വായിക്കാവുന്ന രീതിയിലും എഴുതണമെന്നാണ് കര്‍ശന നിര്‍ദേശമുള്ളത്.
കുറിപ്പടികള്‍ വലിയ അക്ഷരങ്ങളില്‍ (കാപിറ്റല്‍ ലെറ്റേഴ്‌സ്) എഴുതുന്നതാണ് ഉചിതമെന്നും നിര്‍ദേശമുണ്ട്. മരുന്നുകളുടെ പേര് തെറ്റായി വായിക്കപ്പെടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ നടപടി.
പലപ്പോഴും ഫാര്‍മസിസ്റ്റുകള്‍ക്ക് മരുന്നുകള്‍ മാറി നല്‍കാന്‍ ഡോക്ടര്‍മാരുടെ അവ്യക്തമായ കൈയക്ഷരം കാരണമാകുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ ഡിജിറ്റല്‍ കുറിപ്പടികള്‍ പ്രോത്സാഹിപ്പിക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. ഡോക്ടര്‍മാര്‍ മരുന്നിന്റെ പേരിനൊപ്പം അതിന്റെ ജനറിക് നാമവും ഡോസേജും വ്യക്തമായി രേഖപ്പെടുത്തണം.
രോഗിക്ക് മരുന്ന് എങ്ങനെ കഴിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ നല്‍കുന്ന രീതിയിലായിരിക്കണം കുറിപ്പടി തയ്യാറാക്കേണ്ടത്. മെഡിക്കല്‍ കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് നേരത്തെ തന്നെ ഇത്തരം നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ദേശീയ തലത്തില്‍ ഇത് കര്‍ശനമാക്കുന്നത് ഇപ്പോഴാണ്.
സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും ഈ നിര്‍ദ്ദേശം പാലിക്കാന്‍ ബാധ്യസ്ഥരാണ്.
































