കൊച്ചി: ശബരിമലയില്‍ ദേവസ്വം ഭണ്ഡാരം കാണാനായി ഐജി കയറിയതില്‍ ഹൈക്കോടതിയുടെ ഇടപെടീല്‍. ഭണ്ഡാരത്തിലേക്ക് പോലീസ് കയറരുതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ഭണ്ഡാരം കാണാനായി ഐജി കയറിയതിനെതിരെ സ്പെഷല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഇടപെടല്‍.
ശബരിമല പൊലീസ് ജോയിന്റ് കോര്‍ഡിനേറ്ററായ ഐജി ശ്യാം സുന്ദറാണ് ഭണ്ഡാരത്തിലേക്ക് കയറിയത്. ഭണ്ഡാരത്തിലേക്ക് പൊലീസ് പ്രവേശിക്കരുതെന്ന് ഹൈക്കോടതി നേരത്തെ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ലംഘിച്ച് കൊണ്ടാണ് ഐജി ഭണ്ഡാരത്തിലേക്ക് കയറിയത്. ഇതിനെതിരെ സ്പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് കര്‍ശന താക്കീത് നല്‍കിയത്.
ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുതെന്നും ഇത് ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ശബരിമല ദര്‍ശനത്തിനുള്ള സ്പോട്ട് ബുക്കിങ്ങുമായി ബന്ധപ്പെട്ടും പൊലീസിനെ ദേവസ്വം ബെഞ്ച് വിമര്‍ശിച്ചു. നിലവില്‍ നിലയ്ക്കല്‍ ആണ് സ്പോട്ട് ബുക്കിങ് കൗണ്ടര്‍ ഉള്ളത്. ഇതില്‍ ഒരു കൗണ്ടര്‍ പൊലീസിന് വേണ്ടി മാറ്റിവെച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. യഥാര്‍ഥത്തില്‍ സ്പോട്ട് ബുക്കിങ് കൗണ്ടര്‍ തീര്‍ഥാടകര്‍ക്ക് വേണ്ടിയുള്ളതാണ്. നിലയ്ക്കലില്‍ ഒരു കൗണ്ടര്‍ പൊലീസിന് വേണ്ടി മാറ്റിവെച്ചത് നീതികരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് പറഞ്ഞ ഹൈക്കോടതി വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ശബരിമലയിലേക്ക് കാനനപാതയിലൂടെയുള്ള യാത്രയ്ക്ക് ബുക്കിങ് നിര്‍ബന്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
































