കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി വിധിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയാണ് ഇന്ന് ഹൈകോടതി പരിഗണിച്ചത്. വിശദവാദം കേൾക്കാനായി ഹർജി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. അറസ്റ്റിൽ നിന്ന് രാഹുലിനുള്ള സംരക്ഷണം തുടരും.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകിയ കീഴ്ക്കോടതി ഉത്തരവിനെതിരായി സർക്കാർ നൽകിയ അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം കോടതി പരിഗണിക്കും. അപ്പീലിൽ ഉടൻ തീരുമാനമെടുക്കാതെ കോടതി മാറ്റുകയായിരുന്നു. സർക്കാറിന്റെ ഹർജിയിൽ രാഹുലിന് നോട്ടീസ് അയച്ചിട്ടുണ്ട്.
രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വിധിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് വിജു ഏബ്രഹാമിന്റെ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. ഈ കേസിൽ ഡിസംബർ 10നാണ് ജില്ലാ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. രാഹുൽ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന് ഉപാധികളിൽ ഉണ്ട്.































