തലസ്ഥാന നഗരഭരണം പിടിച്ച ബി.ജെ.പി ആരെ മേയറാക്കുമെന്നതിൽ സസ്പെൻസ് തുടരുകയാണ്. സംസ്ഥാന സെക്രട്ടറി വി.വി.രാജേഷും മുൻ ഡി.ജി.പി ആർ.ശ്രീലേഖയുമാണ് സജീവ പരിഗണനയിലുള്ളത്. എന്നാൽ കേന്ദ്രനേതൃത്വത്തിന്റെ അന്തിമഅനുമതി ഇക്കാര്യത്തിൽ വേണം. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് കേന്ദ്രനേതൃത്വം ഇക്കാര്യത്തിൽ പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാന അദ്ധ്യക്ഷന് ഉചിതമായ തീരുമാനത്തെ കേന്ദ്രം അംഗീകരിക്കാനാണ് സാദ്ധ്യത. കോർപറേഷൻ കൗൺസിൽ നടപടികളിൽ മുൻപരിചയവും നയപരമായ സമീപനവും കൈക്കൊള്ളാൻ കഴിയുന്നയാളെ മേയറാക്കണമെന്നാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം. അങ്ങനെയെങ്കിൽ അത് രാജേഷിന് അനുകൂലമാകും. രാജേഷ് മേയറായാൽ ശ്രീലേഖയെ ഡെപ്യൂട്ടിമേയാക്കിയേക്കും. മേയർ സ്ഥാനം പുരുഷനു നൽകിയാൽ ഡെപ്യൂട്ടി മേയറായി വനിതയായിരിക്കണം. ശ്രീലേഖയെ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കാനും ആലോചനയുണ്ട്. ഡെപ്യൂട്ടിമേയറെന്ന തിളക്കത്തോടെ മത്സരംഗത്തിറങ്ങിയാൽ അത് മുതൽകൂട്ടാകുമെന്നും ഒരുവിഭാഗം പാർട്ടി നേതാക്കൾ വിലയിരുത്തുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് ബി.ജെ.പിയുടെ മുതിർന്ന കൗൺസിലർമാരായ എം.ആർ.ഗോപൻ, കരമന അജിത്, വി.ജി.ഗിരികുമാർ, എസ്.കെ.പി.രമേഷ്, സിമി ജ്യോതിഷ്, ജി.എസ്.മഞ്ജു, ആർ.സി.ബീന, ജി.എസ്.ആശാനാഥ്, തുടങ്ങിയവരെ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കും പരിഗണിച്ചേക്കും.





































