കോഴിക്കോട് ബാലുശേരിയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവസ്ഥലത്ത് പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി.
ശനി പനങ്ങാട് പഞ്ചായത്തിലെ കുറുമ്പൊയിലിൽ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനം കടന്നുപോകുമ്പോൾ സ്കൂട്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. കുറുമ്പൊയിലിലെ ബ്രൂക് ലാൻഡിലെ ജയരാമന്റെ മകൻ സന്ദീപ് (35) ആണ് മരിച്ചത്. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന ജിഷ്ണു(30) ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പനങ്ങാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽനിന്ന് വിജയിച്ച റിട്ട. അധ്യാപകൻ ദേവാനന്ദിന്റെ സഹോദര പുത്രന്മാരാണ് മരിച്ച സന്ദീപും പരിക്കേറ്റ ജിഷ്ണുവും. സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. സ്കൂട്ടറിനകത്ത് സ്ഫോടനശേഷിയുള്ള വലിയ പടക്കം സൂക്ഷിച്ചിരുന്നതായി സംശയമുണ്ട്.































