തിരുവനന്തപുരത്തും കൊല്ലത്തും ഉൾപ്പെടെ പാര്‍ട്ടിയെ ഞെട്ടിച്ച കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ എല്‍ഡിഎഫ് നേതൃയോഗം ചൊവ്വാഴ്ച ചേരും. നേതൃയോഗത്തില്‍ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. മുന്നണിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയ കനത്ത തിരിച്ചടി മറികടക്കാനുള്ള തിരുത്തല്‍ വേണമെന്ന ആവശ്യം സിപിഐ ഉന്നയിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃയോഗങ്ങള്‍ നാളെ ചേരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. കൊല്ലത്ത് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വി ഗൗരവത്തോടെ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. കാല്‍നൂറ്റാണ്ട് ഇടതു കോട്ടയായി ഉറച്ചു നിന്ന കൊല്ലം കോര്‍പ്പറേഷന്‍ കൈവിട്ടുപോയത് എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
കോര്‍പ്പറേഷന്‍ ഭരണത്തിലെ നേട്ടങ്ങളും സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രചരണ വിഷയമാക്കിയ ഇടതു മുന്നണിക്ക് പക്ഷേ വോട്ടുറപ്പിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ കൗണ്‍സിലില്‍ 38 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ 16 ഡിവിഷനില്‍ ഒതുങ്ങി. 10 പേരുടെ അംഗബലം മാത്രം ഉണ്ടായിരുന്ന യുഡിഎഫാണ് 27 പേരുടെ പിന്‍ബലത്തോടെ ഭരണത്തിലേറുന്നത്. ആറു സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി ഇരട്ടി ഡിവിഷനുകള്‍ പിടിച്ചെടുത്തുവെന്നതും ശ്രദ്ധേയമായി. നഗരസഭകളിലും ജില്ലാ പഞ്ചായത്തിലും തിരിച്ചടിയുണ്ടായില്ലന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫിന് കരുനാഗപ്പള്ളി നഗരസഭ കൈവിട്ടുപോയത് വലിയ ആഘാതമായി.































