ഇടുക്കി. ജില്ലയിൽ സിപിഐഎമ്മിന്റെ പൊന്നാപുരം കോട്ട എന്നറിയപ്പെട്ടിരുന്ന രാജാക്കാട് പഞ്ചായത്തിൽ ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്. എംഎം മണി എംഎൽഎയുടെ മണ്ഡലത്തിൽ ഉൾപ്പെടുന്ന പഞ്ചായത്തിൽ മൂന്ന് സീറ്റിലേക്ക് എൽഡിഎഫ് ഒതുങ്ങി. 27 വർഷങ്ങൾക്ക് ശേഷം യുഡിഎഫ് ഭരണം പിടിച്ചു
കഴിഞ്ഞ 10 വർഷമായി എം എം മണി എംഎൽഎയുടെ മകൾ എംഎസ് സീത ആയിരുന്നു രാജാക്കാട് പഞ്ചായത്തിന്റെ പ്രസിഡന്റ്. മറ്റൊരു മകൾ സുമ സുരേന്ദ്രൻ സിപിഐഎം രാജാക്കാട് ഏരിയ സെക്രട്ടറി. ഇവിടെയാണ് എൽഡിഎഫിന് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. 14 വാർഡിൽ 10 ലും യുഡിഎഫ് വിജയിച്ചു. സിപിഐഎമ്മിന് രണ്ടും സിപിഐക്ക് ഒന്നും, യുഡിഎഫിനെ പിന്തുണയ്ക്കുന്ന ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷിനില. കാൽ നൂറ്റാണ്ടിനു ശേഷം യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവ്.
മുൻ ബ്ലോക്ക് പഞ്ചായത്തംഗവും റിട്ടയേഡ് അധ്യാപികയുമായ കിങ്ങിണി രാജേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് പരിഗണിക്കാനാണ് സാധ്യത. കോൺഗ്രസ് 8, കേരള കോൺഗ്രസ് 1 എന്നിങ്ങനെയാണ് യുഡിഎഫിന്റെ സീറ്റ് നില. എൽഡിഎഫിൽ കേരള കോൺഗ്രസ് എം മത്സരിച്ച രണ്ട് സീറ്റും പരാജയപ്പെട്ടു.



































