തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ബിജെപി മേയറെ തീരുമാനിക്കാൻ പാര്‍ട്ടിയിൽ ചര്‍ച്ചകള്‍ സജീവം. മുതിര്‍ന്ന ബിജെപി നേതാവ് വിവി രാജേഷും ആര്‍ ശ്രീലേഖയുമാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. അതേസമയം, ആരാകും മേയറെന്ന കാര്യത്തിൽ ബിജെപി ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം നിര്‍ണായകമാകും.
വിവി രാജേഷിനെ മേയറാക്കിയാൽ ആര്‍ ശ്രീലേഖ ഡെപ്യൂട്ടി മേയറാകുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ബിജെപിയിൽ സജീവമാണ്. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് നീക്കം. അന്തിമ തീരുമാനം വൈകാതെ ബിജെപി പ്രഖ്യാപിച്ചേക്കും.
പാര്‍ട്ടി മേയര്‍ പദവി വാഗ്ദാനം ചെയ്താൽ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് കൊടുങ്ങാനൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വി വി രാജേഷ് പറഞ്ഞു. മേയര്‍ സ്ഥാനം സംബന്ധിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷനടക്കമുള്ളവര്‍ തീരുമാനം പ്രഖ്യാപിക്കും. സംസ്ഥാന അധ്യക്ഷൻ പറയുന്ന കാര്യങ്ങള്‍ എല്ലാവരും അനുസരിക്കും. തങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടത്തിയ സമരപോരാട്ടങ്ങളടക്കം ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും കോര്‍പ്പറേഷനിലെ അഴിമതി ഭരണത്തിനുള്ള മറുപടിയാണ് ഈ വിജയമെന്നും വി വി രാജേഷ് പറഞ്ഞു. സിപിഎമ്മിന്‍റെ അഴിമതി ഭരണത്തിനെതിരായ വിധിയാണ് തിരുവനന്തപുരത്ത് ബിജിപിക്ക് അട്ടിമറി വിജയം സമ്മാനിച്ചതെന്ന് രാജേഷ് പറഞ്ഞു. ശാസ്തമംഗലത്ത് സ്ഥാനാര്‍ഥിയായി നിര്‍ത്തുമ്പോള്‍ മേയര്‍ പദവി സംബന്ധിച്ച് ഒരു വാഗ്ദാനവും ബിജെ പി നേതൃത്വം നല്കിയിട്ടില്ലെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ഇക്കാര്യത്തിൽ പാര്ട്ടി അധ്യക്ഷനാണ് തീരുമാനം എടുക്കേണ്ടതെന്നും മേയര്‍ പദവിയില്ലെങ്കിലും ജനസേവനത്തിനായി വാര്‍ഡിൽ സജീവമായി ഉണ്ടാവുമെന്നും ആര്‍. ശ്രീലേഖ പറഞ്ഞു.
നാലു പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകര്‍ത്താണ് 50 സീറ്റുമായി ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷനിൽ അട്ടിമറി വിജയം നേടിയത്. സീറ്റ് ഇരട്ടിയാക്കി യുഡിഎഫ് വൻ മുന്നേറ്റവും നടത്തി. യുഡിഎഫിന്‍റെ കെഎസ് ശബരീനാഥൻ അടക്കം വിജയിക്കുകയും ചെയ്തിരുന്നു. കോര്‍പ്പറേഷനിലെ ത്രികോണ പോരാട്ടത്തിലാണ് ബിജെപിയുടെ ഉജ്ജ്വല വിജയം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബിജെപി ഒരു കോര്‍പ്പറേഷൻ ഭരിക്കാൻ പോകുന്നുവെന്ന പ്രത്യേകതയുമുണ്ട്. കേവല ഭൂരിപക്ഷത്തിന് ഒരോയൊരു സീറ്റിന്‍റെ കുറവാണ് ബിജെപിക്കുള്ളത്.
വിഴിഞ്ഞം വാര്‍ഡിൽ ഇനി തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. അതുപോലെ രണ്ടു സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. സ്വതന്ത്രരുടെ അടക്കം പിന്തുണ ഉറപ്പാക്കാനായിരിക്കും ബിജെപി ശ്രമം. സ്വതന്ത്രരിൽ ആരെങ്കിലും ഒരാള്‍ പിന്തുണച്ചാൽ തന്നെ ബിജെപിക്ക് ഭരണം എളുപ്പമാകും. നേമത്തും വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും സിറ്റിങ് വാർഡുകൾ ബിജെപി നിലനിർത്തിയതിനൊപ്പം ഇടതുകേന്ദ്രങ്ങളിലും കടന്നുകയറി. വലിയ കക്ഷിയായെങ്കിലും ഭരണം നിലനിർത്താമെന്ന് കരുതിയ എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. സിറ്റിങ് വാർഡുകൾ പലതും നഷ്ടമായി. കഴക്കൂട്ടം മണ്ഡലത്തിലെ വാർഡുകളിൽ എൽഡിഎഫ് തകർന്നടിഞ്ഞു. കഴിഞ്ഞ ഭരണസമിതിക്കെതിരായെ വികാരം മറികടക്കാൻ ഇറക്കിയ പുതിയ സ്ഥാനാർത്ഥികളും വാർഡ് വിഭജനവും എൽഡിഎഫിനെ തുണച്ചില്ല. എന്നാൽ, പത്ത് സീറ്റിലേക്ക് 2020ൽ ഒതുങ്ങിയ യുഡിഎഫ് വമ്പൻ തിരിച്ചുവരവാണ് ഇത്തവണ നടത്തിയത്. തീരദേശ വാർഡുകൾ യുഡിഎഫിനൊപ്പം നിന്നു.





































