കണ്ണൂർ. കണ്ണൂർ കോർപ്പറേഷൻ കൂടുതൽ തിളക്കത്തോടെ നിലനിർത്തി UDF. 55 ഡിവിഷനുകളിൽ 36 ലും ജയിച്ചാണ് കണ്ണൂർ കോട്ട UDF കൂടുതൽ ഭദ്രമാക്കിയത്. എൽഡിഎഫ് 15 ഡിവിഷനുകളിൽ ഒതുങ്ങിയപ്പോൾ 4 ഡിവിഷനുകൾ നേടി ബിജെപി കരുത്ത് കാട്ടി.
കണ്ണൂർ കോർപറേഷൻ ഇത്തവണയും UDF ന് കൈ കൊടുത്തു.
വിമത ശല്യവും പാളയത്തിലെ പടയും ഒന്നും പ്രശ്നമേ ആയില്ല.
UDF ന് വിമതശല്യം ഉണ്ടായിരുന്ന എൽഡിഎഫ് സിറ്റിംഗ് സീറ്റായ ആദികടലായിയിൽ നിന്ന് കെപിസിസി അംഗം റിജിൽ മാക്കുറ്റി ജയിച്ചു കയറിയത് 720 വോട്ടിന്. കോർപറേഷന്റെ ട്രെൻഡ് അതോടെ വ്യക്തമായി. യുഡിഎഫ് മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന മുൻ ഡെപ്യൂട്ടി മേയർ പി ഇന്ദിരയും, ഡെപ്യൂട്ടി മേയർ സ്ഥാനത്തെത്താൻ സാധ്യതയുള്ള കെ പി താഹിറും വിമതരെ ഉൾപ്പടെ വീഴ്ത്തിയതോടെ കോർപറേഷൻ UDF ഉറപ്പിച്ചു. കൊട്ടാളി, എളയാവൂർ നോർത്ത്, എടചൊവ്വ, ആതിരകം, കുറുവ, താളികാവ്, ആദികടലായി ഡിവിഷനുകൾ LDF ൽ നിന്ന് UDF പിടിച്ചെടുത്തു.
നഷ്ടപ്പെട്ട ഡിവിഷനുകൾ ഒഴിവാക്കിയാൽ കഴിഞ്ഞ തവണ നേടിയ 34 ഡിവിഷനുകൾ എന്ന നേട്ടം മറികടന്ന് 36ൽ എത്തിച്ച് UDF തങ്ങളുടെ കോട്ട കാത്തു
കനത്ത തിരിച്ചിടയാണ് LDF ന് കണ്ണൂരിന്റെ ഹൃദയഭാഗത്ത് ഉണ്ടായത്. കൈവശം ഉണ്ടായിരുന്ന 19 ഡിവിഷനുകൾ 15 ആയി കുറഞ്ഞു. കോർപറേഷൻ അഴിമതികൾ ആരോപിച്ച് സിപിഎം നടത്തിയ പ്രചാരണം തീരെ ഫലിച്ചില്ല. 2020ൽ ഒരു ഡിവിഷനിൻ മാത്രം ജയിച്ച NDA ഇത്തവണ ജയിച്ചുകയറിയത് 4 ഡിവിഷനുകളിൽ. രണ്ട് UDF ഡിവിഷനുകളും ഒരു സിപിഎം ഡിവിഷനും ബിജെപി പിടിച്ചെടുത്തു. അറയ്ക്കൽ ഡിവിഷൻ UDF ൽ നിന്ന് പിടിച്ചെടുത്ത് SDPI യും കോർപറേഷനിൽ അക്കൗണ്ട് തുറന്നു.




































