കോണ്‍ഗ്രസിലെ സ്ത്രീലമ്ബടന്മാർ എന്തും ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല
ആദ്യം സിപിഐഎമ്മിലെ സ്ത്രീലമ്ബടന്മാരെ നിലയ്ക്കു നിർത്തട്ടെയെന്നായിരുന്നും ചെന്നിത്തലയുടെ മറുപടി. സ്ത്രീലമ്ബടന്മാരെ മുഴുവൻ സംരക്ഷിക്കുകയും പദവികള്‍ വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഇതെല്ലാം പറയുന്നതെന്നും, പാർട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ പിണറായി വിജയൻ പീഡന പരാതികള്‍ ഒതുക്കി തീർത്തുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ :
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മാതൃകാ നടപടി സ്വീകരിച്ചു. കെപിസിസി പ്രസിഡന്റിന് പരാതി ലഭിച്ച തൊട്ടടുത്ത നിമിഷം പരാതി ഡിജിപിക്ക് നല്‍കി. അതാണ് ഞങ്ങളും മുഖ്യമന്ത്രിയും തമ്മിലുള്ള വ്യത്യാസം. ഇത്തരം കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ചെലവാകില്ല. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് കണ്ടാണ് ഇത്തരത്തില്‍ കള്ളപ്രചരണം നടത്തുന്നത്. സ്ത്രീലമ്ബടന്മാരെ സിപിഐഎം നിലയ്ക്ക് നിര്‍ത്തട്ടെ. സ്ത്രീ പീഡനം നടത്തിയ എത്രയോ പേരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. ഈ ഇരട്ടത്താപ്പ് ശരിയല്ല.
എല്ലാവര്‍ക്കും നിയമം ഒരുപോലെയാകണമെന്നും എന്‍ പിള്ള നയം സ്വീകരിക്കുന്നത് ശരിയല്ല. സിപിഐഎം മുന്‍ എംഎല്‍എയ്‌ക്കെതിരെ പരാതി കിട്ടിയിട്ട് 14 ദിവസം കയ്യില്‍ വെച്ചയാളാണ് തങ്ങള്‍ക്കെതിരെ പറയുന്നത്. മുഖ്യമന്ത്രി തങ്ങള്‍ക്ക് സാരോപദേശം നല്‍കേണ്ട. സ്വന്തം പാര്‍ട്ടിക്കാരെപ്പറ്റിയുള്ള പരാതികള്‍ വരുമെന്നാണോ മുഖ്യമന്ത്രി പറയുന്നത്. എത്രയോ പീഡന പരാതികള്‍ ഒതുക്കി തീര്‍ത്തയാളാണ് ഇന്നത്തെ മുഖ്യമന്ത്രി. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ ചെയ്തതൊന്നും തങ്ങളെ കൊണ്ട് പറയിപ്പിക്കരുത്.
കേരളത്തിലെ ജനങ്ങളെ ശ്രദ്ധിക്കാന്‍ മുഖ്യമന്ത്രിക്ക് സമയമില്ല. ജനങ്ങളുടെ പണം മുടക്കി വിദേശത്ത് സഞ്ചരിക്കുന്നു. ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ചെയ്യാത്ത സര്‍ക്കാരാണിത്. ശബരിമലക്കൊള്ളയില്‍ ഉന്നതരെ സംരക്ഷിക്കാനും യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരാതിരിക്കാനും മുഖ്യമന്ത്രി ശ്രമിക്കുകയാണ്. ഇതെല്ലം ജനങ്ങള്‍ക്ക് അറിയുന്ന കാര്യമാണ്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ജനങ്ങള്‍ക്ക് നല്‍കിയ ഏത് വാഗ്ദാനമാണ് മുഖ്യമന്ത്രി പാലിച്ചതെന്നും നാടിന് എന്ത് മാറ്റമാണുണ്ടായത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ല. പാര്‍ട്ടിയില്‍ ഇല്ലാത്ത ഒരാളെ കുറിച്ച് എന്ത് പറയാനാണ്.






































