തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽവിട്ടു. വ്യാഴം രാവിലെ 11 മണിവരെയാണ് കസ്റ്റഡിയിൽവിട്ടത്.
അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. പിടിച്ചെടുത്ത ലാപ്ടോപ്പിന്റെ പാസ്‍വേഡ് നൽകുന്നില്ലെന്നും മൊബൈൽഫോണും കൈമാറാൻ വിസമ്മതിക്കുകയാണെന്നും അന്വേഷണത്തിന് കസ്റ്റഡി അനിവാര്യമാണെന്നും പൊലീസ് അറിയിച്ചു. ഈ ആവശ്യം തിരുവനന്തപുരം അഡിഷണൽ സിജെഎം കോടതി അംഗീകരിക്കുകയായിരുന്നു.
ലെെംഗികപീഡന പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിക്കുകയും വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്ത കേസിൽ 11 ദിവസമായി ജയിലിലാണ് രാഹുൽ ഈശ്വർ.
ബിഎൻഎസ് 72, 75, 79,351 എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ്. രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപും പിടിച്ചെടുത്തു. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും, ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യറാണ് നാലാം പ്രതി. രാഹുൽ ഈശ്വർ അഞ്ചാം പ്രതിയാണ്. ആറാം പ്രതി പാലക്കാട് സ്വദേശിയായ വ്ലോഗറാണ്.
ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ വകുപ്പുകൾ ചേര്‍ത്താണ് പൊലീസ് കേസ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
































