കൊച്ചി: ദൈവത്തിന് നന്ദി,മഞ്ജു പറഞ്ഞിടത്ത് നിന്നാണ് തനിക്കെതിരായ ഗൂഢാലോചന കേസ് തുടങ്ങിയതെന്ന് നടൻദിലീപ്.രാജ്യം ഉറ്റുനോക്കിയ നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലന്ന് കോടതി നിരീക്ഷിച്ച് വെറുതെ വിട്ട ശേഷം മാധ്യമങ്ങളോടുള്ള ദിലീപിൻ്റെ ആദ്യ പ്രതി രണമായിരുന്നു ഇത്. അന്ന് ഉയർന്ന ഒരു പോലീസ് ഉദ്യോഗസ്ഥയും അവർ ഉണ്ടാക്കിയെടുത്ത ചില ക്രിമിനൽ പോലീസുകാരും ചില മാധ്യമങ്ങളും ചേർന്ന് തനിക്കെതിരെ മെനഞ്ഞ കള്ളകഥ പൊളിഞ്ഞു. 9 വർഷം ഒപ്പം നിന്ന അഭിഭാഷകരോടും, സ്നേഹിതരോടും, പ്രാർത്ഥിച്ചവർക്കും ദിലീപ് നന്ദി പറഞ്ഞു. യഥാർത്ഥത്തിൽ ഈ കേസിൽ തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നും ദിലീപ് പറഞ്ഞു.
വിധി കേട്ട് ദിലീപിൻ്റെ ആരാധകർ കോടതി പരിസരത്തും ആലുവയിലെ ദിലീപിൻ്റെ വീടിന് മുന്നിലും മധുരം വിതരണം ചെയ്തു. വിചാരണ വേളയില്‍ കേരളം ചര്‍ച്ച ചെയ്ത പ്രധാന വിഷയം സാക്ഷികളുടെ കൂറുമാറ്റമായിരുന്നു. കേസ് അന്വേഷണത്തിന്റെ ഘട്ടത്തില്‍ നിര്‍ണായകമായ മൊഴി നല്‍കിയ സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു വിചാരണ വേളയില്‍ മൊഴി മാറ്റിയത്. 28 സാക്ഷികളാണ് മൊഴി മാറ്റിയത്. സിദ്ദിഖ്, ഭാമ തുടങ്ങിവരുടെ നിലപാട് മാറ്റം വലിയ വാര്‍ത്താ പ്രാധാന്യം നേടി.
ആക്രമിക്കപ്പെട്ട നടിയുമായി നടന്‍ ദിലീപിനുള്ള ശത്രുത വെളിവാക്കുന്നതായിരുന്നു സിനിമ താരങ്ങളുടെ ആദ്യ മൊഴികള്‍. കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച, താര സംഘടനയുടെ റിഹേഴ്സല്‍ വേദിയില്‍ വെച്ച് ദിലീപ് ഇരയെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും, കത്തിച്ചുകളയുമെന്ന് പറഞ്ഞെന്നുമായിരുന്നു ഭാമയും സിദ്ദിഖും പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ വിചാരണ വേളയില്‍ ഇരുവരും ഇക്കാര്യം അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കാവ്യയുമായുള്ള ബന്ധം വെളിപ്പെടുത്തിയതില്‍ നടിയുടെ പങ്കില്‍ ദിലീപിന് ദേഷ്യമുണ്ടെന്നും ഇരുവരും അറിയിച്ചിരുന്നു. പിന്നീട് അവര്‍ ഈ മൊഴികള്‍ പിന്‍വലിച്ചു.
താരസംഘടനയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മൊഴി മാറ്റിയത് പ്രോസിക്യൂഷന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സിനിമകളില്‍ തനിക്ക് അവസരങ്ങള്‍ നിഷേധിച്ചുവെന്ന് ആരോപിച്ച് നടി അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ ദിലീപിനെതിരെ രേഖാമൂലം പരാതി നല്‍കിയതായി ബാബു നേരത്തെ പറഞ്ഞിരുന്നു. എന്നിരുന്നാലും, പരിശോധനയില്‍, അത്തരമൊരു പരാതി തനിക്ക് ഓര്‍മ്മയില്ലെന്ന് ബാബു പറഞ്ഞു. ബിന്ദു പണിക്കര്‍, നിര്‍മ്മാതാവ് രഞ്ജിത്ത് എന്നിവരുള്‍പ്പെടെ നിരവധി സിനിമാ താരങ്ങളും കൂറുമാറിയവരില്‍ ഉള്‍പ്പെടുന്നു.






































