കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒരു സാധാരണ സിനിമാ നടനിൽ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്കുള്ള ദൂരം ഇനിയും താണ്ടിയിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. മുൻപ് അദ്ദേഹം സിനിമാ നടന്റെ ‘ഹാങ്ങോവറിൽ’ നിന്ന് മുക്തനായിട്ടില്ല എന്നായിരുന്നു വിമർശനമെങ്കിൽ, ഇപ്പോൾ അതിന്റെ അതിരുംകടന്ന് രാഷ്ട്രീയമായി പിച്ചും പേയും പറയുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.
തിരുവനന്തപുരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞത അത്ഭുതകരമാണ്. തിരുവനന്തപുരത്ത് ആകെ ഏഴോ എട്ടോ സീറ്റുകൾ എന്നാണ് അദ്ദേഹം ഒരു വീഡിയോയിൽ പറയുന്നത്. സ്വന്തം ജില്ലയിൽ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ടെന്നോ, എത്ര ലോക്സഭാ മണ്ഡലങ്ങളുണ്ടെന്നോ, എന്തിനധികം തിരുവനന്തപുരം കോർപ്പറേഷനിൽ എത്ര വാർഡുകൾ ഉണ്ടെന്ന് പോലുമോ അറിയാത്ത ഒരാൾ ജനങ്ങളെ നയിക്കാൻ വരുന്നത് ലജ്ജാവഹമാണ്.
കേന്ദ്രമന്ത്രി എന്ന നിലയിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ സ്വന്തം കഴിവില്ലായ്മയുടെ സാക്ഷ്യപത്രമാണ്. അത് തിരുത്തുന്നതിന് പകരം മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് പരാജിതന്റെ ലക്ഷണമാണ്. അങ്ങേയറ്റം പരിഹാസ്യമായ നിലപാടാണത്. നേമം മണ്ഡലം മുൻനിർത്തി ബിജെപിയും സുരേഷ് ഗോപിയും ഇപ്പോൾ മനഃപ്പായസം ഉണ്ണുകയാണ്. തിരുവനന്തപുരത്തെക്കുറിച്ചോ ഇവിടുത്തെ രാഷ്ട്രീയത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത ഇക്കൂട്ടരുടെ മോഹങ്ങൾ, മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം പോലെ അവശേഷിക്കുകയേ ഉള്ളൂ.
































