കണ്ണൂര്‍: ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി. ജയരാജന്‍. അന്നേ തനിക്ക് അറിയാമായിരുന്നു ഇത് നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ല എന്നും ഇതിന്റെ മാനേജ്മെന്റ് തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്നും ഇ പി ജയരാജന്‍ വിമര്‍ശിച്ചു. ഇന്‍ഡിഗോയുമായുള്ള തന്റെ പ്രശ്നം അവസാനിച്ചിട്ടില്ലെന്നും ഇന്‍ഡിഗോ വിമാനക്കമ്പനി തെറ്റ് തിരുത്തണമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏതാനും ദിവസങ്ങളായി സര്‍വീസുകള്‍ കൂട്ടത്തോടെ ഇന്‍ഡിഗോ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായ പശ്ചാത്തലത്തില്‍ മുന്‍ അനുഭവം ഓര്‍ത്തെടുത്ത് കൊണ്ടാണ് ഇ പി ജയരാജന്റെ പ്രതികരണം.
‘അന്നേ എനിക്ക് അറിയാമായിരുന്നു. ഇത് നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ല എന്ന്. എന്തുകൊണ്ട്? അന്ന് അവര്‍ എടുത്ത നിലപാട് അതായിരുന്നു. കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലുള്ള ചില നേതാക്കള്‍ ഇന്‍ഡിഗോ മാനേജ്മെന്റുമായി യോജിച്ച് കൊണ്ടാണ് എന്നെ ഉപരോധിക്കുന്ന തീരുമാനം എടുത്തത്. അന്നേ എനിക്ക് അറിയാം. ഇതിന്റെ മാനേജ്മെന്റ് തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന്. അന്നത്തെ നില വച്ച് ഞാന്‍ ഒരു തീരുമാനമെടുത്തു. ഞാന്‍ പിന്നെ കുറെ നാളത്തേയ്ക്ക് ഇന്‍ഡിഗോയില്‍ കയറിയില്ല. പക്ഷേ സീതാറാം യെച്ചൂരി മരിച്ചു. അപ്പോള്‍ എന്റെ പ്രശ്നം ബഹിഷ്‌കരണം അല്ല. എത്രയും പെട്ടെന്ന് യെച്ചൂരിയുടെ മൃതശരീരം കിടക്കുന്ന എകെജി ഭവനില്‍ എത്തണമെന്നായിരുന്നു. അതുകൊണ്ട് ഞാന്‍ ഒന്നും നോക്കിയില്ല. കോഴിക്കോട് പോയി. അപ്പോള്‍ അവിടെ ഇന്‍ഡിഗോ മാത്രമേയുള്ളൂ. ഞാന്‍ അതില്‍ കയറി പോയി.’- ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
































