ബൈക്കപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പയറ്റുവിള സ്വദേശികളായ രഞ്ജിത്തും (24) രമ്യ(22)യുമാണ് മരിച്ചത്.
പയറ്റുവിള കൊല്ലംകോണം വിജയകുമാറിന്റെയും റീഷയുടേയും മക്കളാണ്. ഇരുവരും ഒരുമിച്ചാണ് എല്ലാദിവസവും ജോലിക്ക് പോയിരുന്നത്. രഞ്ജിത്തിന്റെ ബൈക്കിലായിരുന്നു യാത്ര. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് മാര്‍ത്താണ്ഡം പാലത്തില്‍ അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് പാലത്തിൽനിന്ന് 30 അടി താഴ്ചയിലേക്കു വീണു. രഞ്ജിത് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. രമ്യയെ കുഴിത്തുറ സർക്കാർ ആശുപത്രിയിലും പിന്നീട് ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാപിതാക്കളും 2 മക്കളും ചേർന്ന ചെറിയ കുടുംബമായിരുന്നു ഇവരുടേത്. പിതാവ് വിജയകുമാര്‍ കല്‍പണിക്കാരനാണ്. മാതാവ് റീഷ കോട്ടുകാൽ ഹരിതസേനാംഗവും. മാര്‍ത്താണ്ഡത്ത് സ്വകാര്യ ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന്‍ ആയിരുന്നു രമ്യ. മാര്‍ത്താണ്ഡത്ത് തന്നെ സ്വകാര്യ മൊബൈല്‍ ഫോണ്‍ കടയില്‍ ജോലി നോക്കുകയായിരുന്നു രഞ്ജിത്ത്. രാവിലെ അമ്മയോട് സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ ഇരുവരുടെയും ചേതനയറ്റ ശരീരം വൈകിട്ട് എത്തിയപ്പോൾ വീട്ടുകാർക്കൊപ്പം നാടും വിങ്ങി പൊട്ടുകയായിരുന്നു.
































