കടുവ സെന്‍സസിന്റെ ഭാഗമായി കാട്ടില്‍ പോയി; കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ മരിച്ചു

Advertisement

പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ മരിച്ചു. ഫോറസ്റ്റ് ബീറ്റ് അസിറ്റന്റ് കാളിമുത്തുവാണ് മരിച്ചത്. അട്ടപ്പാടി മുള്ളി വന മേഖലയില്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.
കടുവ സെന്‍സസിന്റെ ഭാഗമായി കാട്ടില്‍ പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കാളിമുത്തു അടങ്ങുന്ന സംഘത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായപ്പോള്‍ ഉദ്യോഗസ്ഥ സംഘം ചിതറിയോടിയിരുന്നു. ഇതിന് പിന്നാലെ കാളിമുത്തുവിനെ കാണാതാവുകയും ചെയ്തു. തുടര്‍ന്ന് ആര്‍ആര്‍ടി സംഘത്തിന്റെ ഉള്‍പ്പെടെ സഹായത്തോടെ നടത്തിയ തെരച്ചിലാണ് കാളിമുത്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാട്ടാന ആക്രമണത്തിലാണ് മാരിമുത്തു കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. കാട്ടാന ആക്രമണത്തില്‍ മറ്റൊരു ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇയാളുടെ ആരോഗ്യ നിലയ്ക്ക് പ്രശ്നമില്ലെന്നാണ് റിപ്പോര്‍ട്ട്. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് കടുവ സെന്‍സെസിന് വേണ്ടി മുള്ളി വന മേഖലയില്‍ എത്തിയത്. മൂന്നുപേരടങ്ങുന്ന സംഘമാണ് സെന്‍സസിനായി പോയിരുന്നത്. അച്യുതന്‍, കണ്ണന്‍ എന്നിവരാണ് കൂടെയുണ്ടായിരുന്നത്.
കാളിമുത്തുവിന്റെ മൃതശരീരം വനത്തിന് പുറത്തേക്ക് എത്തിച്ചു. അഗളി ആശുപത്രിയില്‍ സൂക്ഷിച്ച ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. കഴിഞ്ഞയാഴ്ച അട്ടപ്പാടിയില്‍ കടുവ സെന്‍സസിന് പോയ വനപാലക സംഘം കാട്ടില്‍ കുടുങ്ങിയിരുന്നു. പുതൂര്‍ മൂലക്കൊമ്പ് മേഖലയിലാണ് കടുവ സെന്‍സസിന് പോയ അഞ്ചംഗ വനപാലക സംഘം കുടുങ്ങിയത്. ഇവരില്‍ രണ്ടുപേര്‍ വനിതകളായിരുന്നു. ഒരു രാത്രിക്ക് ശേഷമാണ് ഇവരെ കണ്ടെത്തിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here