മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു

Advertisement

മലപ്പുറം: മലപ്പുറം ജില്ലയിലെ മച്ചിങ്ങലിൽ കാർ സ്പെയർ പാർട്‌സ് ഗോഡൗണിൽ വൻ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂര്‍, തിരുവാലി എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് യൂണിറ്റ് അഗ്‌നി രക്ഷാ സേന രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. അപകട സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

കോഡൂര്‍ സ്വദേശി വലിയാട് പിലാത്തോട്ടത്തില്‍ സാലിഹിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌പെയര്‍ പാര്‍ട്സ് ഗോഡൗണ്‍. സ്ഥാപനത്തിലെ കാറിന്റെ പാര്‍ട്‌സുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ നിന്നാണ് തീപടർന്നത്. ഗോഡൗണിലെ തൊഴിലാളികള്‍ സമീപത്ത് വാഹനം പൊളിച്ചു കൊണ്ടിരിക്കുമ്പോഴാണ് തീപിടിത്തം ശ്രദ്ധയില്‍പെട്ടത്. തീ വേഗത്തിൽ ആളിക്കത്തി. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. കടയ്ക്കുള്ളിൽ ശേഖരിച്ച് വെച്ച ടയറുകളടക്കം പാര്‍ട്‌സുകളാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.

തകരഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ചതായിരുന്നു ഗോഡൗൺ. വെല്‍ഡിങ് അടക്കം വിവിധ പ്രവൃത്തികള്‍ ഗോഡൗണിൽ നടന്നിരുന്നു. തൊട്ടടുത്തു കാര്‍ ബംപറുകളും മറ്റും സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ ഉണ്ടായിരു ന്നെങ്കിലും ആ ഭാഗത്തേക്ക് തീ പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്‌നിരക്ഷ സേനയുടെ വാഹനത്തിലെ വെള്ളം തീർന്നപ്പോൾ തൊട്ടടുത്തുള്ള തോട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. ഗോഡൗണിനു സമീപത്ത് ഗെയ്ല്‍ വാതക പൈപ്പ്ലൈനുകളും കടന്നുപോകുന്നതിനാല്‍ ഗെയ്ല്‍ അധികൃതരും സ്ഥലത്തെത്തിയിരുന്നു. ജില്ല ഫയര്‍ ഓഫീസര്‍ ടി.അനൂപിന്റെ നേതൃത്വത്തി ല്‍ സ്റ്റേഷന്‍ ഓഫീസര്‍ ഇ.കെ.അബ്ദുല്‍ സലീം, ബാബുരാജന്‍ എന്നിവരും നാട്ടുകാരും തീയണക്കാന്‍ നേതൃത്വം നല്‍കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here