തിരുവനന്തപുരം. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത് പ്രതി എം.എല്‍.എ ആയത് കൊണ്ടെന്ന് കോടതി നിരീക്ഷണം. ഇന്നലെയും ഇന്നുമായി നടന്ന വിശദമായ വാദങ്ങൾക്ക് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തലിന്റെ മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിനും തടസ്സമില്ല. സത്യം ജയിക്കുമെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പരാതി നൽകിയ അതിജീവിതയുടെ പ്രതികരണം
അടച്ചിട്ട കോടതിയിൽ ആദ്യ ദിവസം മുൻകൂർ ജാമ്യ ഹർജിയിൽ വാദം കേട്ടത് ഒരു മണിക്കൂറിലധികം.പരസ്പര ധാരണ പ്രകാരം നടത്തിയ ലൈംഗിക ബന്ധം എങ്ങനെ പീഡനമാകുമെന്ന പ്രതിഭാഗം വാദം. എന്നാൽ വിവാഹ വാഗ്‌ദാനം നൽകിയുള്ള പീഡനമായിരുന്നുവെന്നു തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ തിരിച്ചടിച്ചു. രാഷ്ട്രീയ പ്രേരിതമായ കേസെന്നായിരുന്നു അടുത്ത വാദം.എന്നാൽ അതിജീവിത ഗർഭിണിയായി ഇരിക്കുന്ന അവസ്ഥയിൽ പോലും പീഡനം നടന്നുവെന്ന് പ്രോസിക്യൂഷൻ തിരിച്ചടിച്ചു. ഇതോടെ അന്വേഷണവുമായി രാഹുൽ മാങ്കൂട്ടത്തിൽ സഹകരിക്കുമെന്നായി പ്രതിഭാഗം. പക്ഷെ മുൻകൂർ ജാമ്യം അനുവദിക്കാൻ പാടില്ലെന്നും കൂടുതൽ തെളിവുകൾ ഹാജരാക്കാനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.അങ്ങനെയാണ് കേസിൽ വീണ്ടും ഇന്ന് വാദം കേട്ടത്. ഇന്നും അരമണിക്കൂറിലധികം വാദം കേട്ടു. അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത് ഇന്നാണ്.
പ്രതി MLA പദവി ഉപയോഗിച്ച് കേസില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയെന്നും കോടതി പറഞ്ഞു.
എന്നാൽ രാഹുലിനെതിരെ പുതിയതായി എടുത്ത ലൈംഗിക പീഡന പരാതിയിലെ എഫ്.ഐ.ആർ പ്രോസിക്യൂഷൻ കോടതിയിൽ ഉയർത്തിയെങ്കിലും ഈ
കേസ് കോടതി പരിഗണിച്ചില്ല.പ്രതി സ്ഥിരം കുറ്റവാളിയെന്ന് രണ്ടാം എഫ്്.ഐ.ആര്‍ പരിഗണിച്ച് മാത്രം പറയാന്‍ കഴിയില്ലെന്ന് കോടതി വിലയിരുത്തി.
അശാസ്ത്രീയ ഗർഭഛിദ്രം തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ പിടിവള്ളിയാക്കി.ആദ്യം അറസ്റ്റ് തടയുന്നതിൽ വിധി പറയുമെന്ന് പറഞ്ഞ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പുതിയ തെളിവുകൾ കൂടി പരിശോധിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി തള്ളുകയായിരുന്നു. ഉത്തരവിറങ്ങാൻ വൈകിയതിനാൽ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിനും തിരിച്ചടിയുണ്ടായി.






































