പത്രം
ദേശീയ, അന്തർദേശീയ വാർത്തകൾ
റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യയിൽ: അമേരിക്കയുടെ തീരുവയുദ്ധത്തിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. നാളെ ഹൈദരാബാദ് ഹൗസിൽ നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കും. രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന് വിരുന്ന് നൽകുകയും പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തുകയും ചെയ്യും.
എഐ ഡീപ് ഫേക്കുകൾക്ക് പുതിയ ചട്ടം: വ്യാജവാർത്തകളും എഐ ഡീപ് ഫേക്ക് വീഡിയോകളും നിയന്ത്രിക്കാൻ പുതിയ ചട്ടം തയ്യാറാക്കിവരികയാണെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ വ്യക്തമാക്കി.
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ: ബസ്തർ ഡിവിഷനിലെ ബിജാപ്പൂർ വനമേഖലയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു; മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു.
യുപിയിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി: സംസ്ഥാനത്തുടനീളമുള്ള റോഹിംഗ്യൻ, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കെതിരെ ഉത്തർപ്രദേശ് സർക്കാർ നടപടികൾ ആരംഭിച്ചു. തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഉത്തരവിട്ടു.
വിമാന കമ്പനികൾക്കെതിരെ അന്വേഷണം: നിരവധി സർവീസുകൾ റദ്ദാക്കിയതിൽ ഇൻഡിഗോ, എയർ ഇന്ത്യ വിമാന കമ്പനികൾക്കെതിരെ ഡി ജി സി എ അന്വേഷണം പ്രഖ്യാപിച്ചു.
സഞ്ചാർ സാഥി ആപ്പ് നിബന്ധനയിൽ യു ടേൺ: ആപ്പ് പ്രീ ഇന്‍സ്റ്റാൾ ചെയ്യേണ്ടതില്ലെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. മൊബൈൽ കമ്പനികളിൽ നിന്നുള്ള കടുത്ത എതിർപ്പാണ് പിന്മാറ്റത്തിന് കാരണം.
പാക് സൈനിക മേധാവിക്കെതിരെ ആരോപണം: പാക് സൈനിക മേധാവി അസിം മുനീർ ഇന്ത്യയുമായി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ ആരോപിച്ചു.
സുപ്രീം കോടതിയുടെ മാനുഷിക പരിഗണന: ബംഗ്ലാദേശിലേക്ക് നാടുകടത്താൻ ശ്രമിച്ച ഗർഭിണിയായ സ്ത്രീക്കും അവരുടെ എട്ട് വയസ്സുള്ള കുട്ടിക്കും ഇന്ത്യയിലേക്ക് പ്രവേശിക്കാൻ സുപ്രീം കോടതി അനുമതി നൽകി.
മോദിക്കെതിരായ എഐ വീഡിയോ വിവാദത്തിൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി റെഡ് കാർപ്പറ്റിലൂടെ ചായ വിൽക്കുന്നതായി കാണിക്കുന്ന എഐ വീഡിയോ കോൺഗ്രസ് നേതാവ് പങ്കുവെച്ചത് വിവാദമായി.
കേരളം
നാവിക സേനയുടെ ശക്തി പ്രകടനം: തിരുവനന്തപുരത്ത് നടന്ന നാവിക സേന ദിനാഘോഷത്തിന്റെ ഭാഗമായുള്ള അഭ്യാസ പ്രകടനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി. നാവിക സേന സൂപ്പർ പവറായി മാറിയെന്ന് രാഷ്ട്രപതി പറഞ്ഞു.
പിഎം ശ്രീ ഒത്തുകളി വിവാദം: പിഎം ശ്രീ കരാറിൽ ഒപ്പിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ പ്രവർത്തിച്ചത് ജോൺ ബ്രിട്ടാസ് എംപിയാണെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിൽ സിപിഎം മറുപടി പറയണമെന്ന് കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
കേന്ദ്രഫണ്ട്: പിഎം ശ്രീ ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെ സമഗ്ര ശിക്ഷ പദ്ധതിയിൽ 92.41 കോടി രൂപ കേന്ദ്രം കേരളത്തിന് അനുവദിച്ചു. നേരത്തെ കരാർ ഒപ്പിടാത്ത കാരണം ചൂണ്ടിക്കാട്ടി പണം അനുവദിച്ചിരുന്നില്ല.
ക്ഷേമ പെൻഷൻ വിതരണം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക.
വി.ഡി. സതീശന്റെ വിമർശനം: ശബരിമല മോഷണത്തിന് ജയിലിലായ സിപിഎം നേതാവ് പദ്മകുമാറിനെയടക്കം സംരക്ഷിക്കുന്ന പാർട്ടിസെക്രട്ടറി എം.വി. ഗോവിന്ദന് ‘തൊലിക്കട്ടിക്കുള്ള സംസ്ഥാന അവാർഡ്’ കൊടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരിഹസിച്ചു.
ടൗൺഷിപ്പ് നിർമ്മാണം: മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ കോൺഗ്രസിനും പങ്കുണ്ടെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. കർണാടക സർക്കാർ 20 കോടി രൂപ നൽകിയത് രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിൽ കേസ്: കോടതിയും പാർട്ടി നിലപാടും
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷനോട് കൂടുതൽ രേഖകൾ ഹാജാരാക്കാൻ കോടതി ആവശ്യപ്പെട്ടു.
രണ്ടാമത്തെ കേസ്: കെപിസിസി പ്രസിഡന്റ് ഡിജിപിക്ക് കൈമാറിയ പരാതിയിൽ ബലാത്സംഗ വകുപ്പ് ചുമത്തി രാഹുലിനെതിരെ ക്രൈംബ്രാഞ്ച് രണ്ടാമത്തെ കേസ് എടുത്തു.
പാർട്ടി നടപടി നീട്ടി: മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി വിധിക്ക് ശേഷം നടപടി മതിയെന്ന ചില നേതാക്കളുടെ നിലപാടിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം കെപിസിസി നീട്ടി.
എംഎൽഎ സ്ഥാനം രാജിവെക്കണം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വി.എം. സുധീരനും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു.
വനിതാ നേതാക്കളുടെ വിമർശനം: രാഹുൽ മാങ്കൂട്ടത്തിൽ ‘സെക്ഷ്വൽ പ്രെഡേറ്ററാണെന്ന്’ കോൺഗ്രസ് വനിതാ നേതാവ് ഷമാ മുഹമ്മദ് ആരോപിച്ചു. തന്നോടും മോശമായി പെരുമാറിയെന്ന് കെപിസിസി സംസ്‌കാര സാഹിതി ജനറൽ സെക്രട്ടറി എം.എ ഷഹനാസും വെളിപ്പെടുത്തി.
ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ്: രാഹുലിന്റെത് അതിതീവ്രമായ പീഡനമാണെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് ലസിത നായർ പ്രതികരിച്ചു.
യൂത്ത് കോൺഗ്രസ് വനിതാ നേതാവ്: ഇനിയും വൈകിയാൽ പാർട്ടി കനത്ത വില നൽകേണ്ടി വരുമെന്നും സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്നും യൂത്ത് കോൺഗ്രസ് വനിതാ നേതാവ് സജന ബി സാജൻ നേതൃത്വത്തിന് സൂചന നൽകി.
ക്രൈം
അമ്മയെ കൊന്ന മകൻ അറസ്റ്റിൽ: നെടുമ്പാശേരിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് അമ്മ അനിതയെ (75) മകൻ ബിനു അടിച്ചു കൊന്നതായി കേസ്. മകനെ പൊലീസ് അറസ്റ്റ് ചെയ്തു.
10 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി: ഇടുക്കി തോക്കുപാറായിൽ 10 വയസുകാരൻ ആഡ്ബിനെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. വെള്ളത്തൂവൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
നാല് കുട്ടികളെ കൊന്ന യുവതി: തന്നെക്കാൾ സൗന്ദര്യം കൂടുതലെന്ന തോന്നലിൽ മകനടക്കം നാല് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ ഹരിയാന സ്വദേശിയായ പൂനം എന്ന യുവതിയെ അറസ്റ്റ് ചെയ്തു.
കായികം
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം: വിരാട് കോലിയുടെയും റിതുരാജ് ഗെയ്ക്ക്വാദിന്റെയും സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ ഉയർത്തിയ 358 റൺസ് മറികടന്ന് ദക്ഷിണാഫ്രിക്കക്ക് 4 വിക്കറ്റിന്റെ ജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 1-1 ന് സമനിലയിലായി.
ടി20 ടീം പ്രഖ്യാപനം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവാണ് നായകൻ, ശുഭ്മാൻ ഗിൽ ഉപനായകൻ. മലയാളി താരം സഞ്ജു സാംസൺ ടീമിലിടംപിടിച്ചു. ഹാർദിക് പാണ്ഡ്യ തിരിച്ചെത്തി.
ടി20 ലോകകപ്പ് ജേഴ്‌സി: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിനിടെ ഇന്ത്യൻ സൂപ്പർ താരവും മുൻ നായകനുമായ രോഹിത് ശർമ ടി20 ലോകകപ്പിനുള്ള ജേഴ്‌സി പുറത്തിറക്കി.
ബിസിനസ് & ടെക്നോളജി
കേരള സ്റ്റാർട്ടപ്പ് മേഖലയിൽ കുതിപ്പ്: ഇക്കൊല്ലം സെപ്റ്റംബർ വരെ സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾ 14.7 മില്യൻ ഡോളർ (ഏകദേശം 132 കോടി രൂപ) സമാഹരിച്ചു. സെമികണ്ടക്ടർ നിർമാണ രംഗത്തെ നേത്രാസെമി നേടിയ 107 കോടി രൂപയുടെ ഫണ്ടിംഗാണ് ഏറ്റവും വലുത്.
സ്‌കോഡയുടെ നേട്ടം: ഇന്ത്യയിൽ 25 വർഷം പൂർത്തിയാക്കുമ്പോൾ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്‌കോഡ അഞ്ചു ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചു എന്ന നാഴികക്കല്ല് പിന്നിട്ടു. കഴിഞ്ഞ നവംബറിൽ 90 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.
സിനിമ & സാഹിത്യം
കളങ്കാവൽ റിലീസ്: മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രം ‘കളങ്കാവൽ’ ഡിസംബർ അഞ്ചിന് റിലീസിനെത്തും. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കൊച്ചുമകനായ അദ്യാൻ സയീദ് ആണ്.
ഐഎംഡിബി ജനപ്രിയ പട്ടിക: ഐഎംഡിബി വെബ്‌സൈറ്റിൽ ജനപ്രിയ സംവിധായകരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് പൃഥ്വിരാജ് സുകുമാരനും ജനപ്രിയ താരങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് കല്യാണി പ്രിയദർശനും ഇടം പിടിച്ചു.
പുതിയ പുസ്തകം: ഡോ. കെ. ആർ. ലീനാപാർവ്വതിയുടെ ‘കൊഴിഞ്ഞ പീലികൾ’ എന്ന കഥാസമാഹാരം സൺഷൈൻ ബുക്സ് പുറത്തിറക്കി. വില: 190 രൂപ.
കാലാവസ്ഥ
കേരളത്തിൽ മഴ തുടരും: വടക്കൻ തമിഴ്‌നാടിന് മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ ഇന്നു മുതൽ അഞ്ച് ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്.
ചെന്നൈയിൽ അവധി: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട് സർക്കാർ ചെന്നൈയിൽ സ്‌കൂളുകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു.
ആരോഗ്യ പാഠം: ശരിയായ ദഹനം
ദഹനം തുടങ്ങുന്നത് വായിൽ നിന്നാണ്. ഭക്ഷണം നന്നായി ചവയ്ക്കുക എന്നതാണ് ആദ്യ ഘട്ടം. ഇത് പോഷകങ്ങളെ ശരിയായ രീതിയിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കും.
കട്ടിയുള്ള ഭക്ഷണങ്ങൾ (മാംസം, നട്‌സ്) 40 തവണ വരെയും മൃദുവായ ഭക്ഷണങ്ങൾ (തണ്ണിമത്തൻ) 10-15 തവണയും ചവയ്ക്കാൻ ശ്രമിക്കുക. ഭക്ഷണം മൃദുവായി, ഏകദേശം കുഴമ്പ് രൂപത്തിലായാൽ മാത്രം വിഴുങ്ങുക.
ചവയ്ക്കുന്നതിനൊപ്പം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ഇത് ദഹനരസങ്ങളുടെ വീര്യം കുറയ്ക്കും. മെച്ചപ്പെട്ട ദഹനം ഊർജ്ജനില വർധിപ്പിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.































