തിരുവനന്തപുരം.മറ്റൊരു യുവതി കൂടി ലൈംഗിക പീഡന പരാതി നൽകിയതോടെ ചൂട് കിഴങ്ങ് വായിലിട്ട അവസ്ഥയിൽ കോൺഗ്രസ് . രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കണമെന്ന അഭിപ്രായം കോൺഗ്രസിൽ ശക്തമായി.എംഎൽഎ സ്ഥാനം രാജിവെപ്പിക്കണം എന്നും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ഉയരുന്നത്.
23കാരിയുടെ പരാതി കൂടി പുറത്തു വന്നതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനായി പ്രതിരോധം തീർത്തിരുന്ന കോൺഗ്രസ് നേതാക്കളും കൈവിട്ടു. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതിനു പിന്നാലെ കൂടിയാലോചന നടത്താനാണ് നേതാക്കളുടെ ആലോചന.
കടുത്ത നടപടി സ്വീകരിച്ചില്ല എങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നുവെന്ന പ്രതീതി പൊതുസമൂഹത്തിൽ സൃഷ്ടിക്കപ്പെടും. പുതിയ പരാതിയും ഇടത് സൃഷ്ടിയല്ലേ എന്ന് വിശ്വസിക്കുന്നവരും ചിലരുണ്ട്. എന്നാൽ അവരുടെ ഒച്ച പൊന്തുന്നില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ശബരിമല വിഷയം അടക്കം ഉയർത്തി സർക്കാരിനെതിരെ പ്രചാരണം കടുപ്പിക്കേണ്ട ഘട്ടത്തിലാണ് സ്വന്തം എംഎൽഎക്കെതിരെ
കെ പി സി സി നേതൃത്വത്തിന് തന്നെ പരാതി ലഭിക്കുന്നത്.യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഒഴികെയുള്ള നേതാക്കൾ എല്ലാം രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞെങ്കിലും അത് പോരെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം.






































