ഹെൽമറ്റ് ധരിച്ച അജ്ഞാതൻ ബാബുവിന്‍റെ വീട് അന്വേഷിച്ചു; പിന്നാലെ വീടിനരികെ നിർത്തിയിട്ട 4 വാഹനങ്ങൾ കത്തിയ നിലയിൽ, ദുരൂഹത

Advertisement

തിരുവനന്തപുരം: ചിറയിൻകീഴ് പുളിമൂട്ടിൽ കടവ് പാലത്തിനു സമീപം വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. പുളിമൂട്ടിൽ കടവ് പാലത്തിന് സമീപം ആനത്തലവട്ടത്ത് കൃഷ്ണാലയത്തിൽ ബിജെപി പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ ബാബുവിന്‍റെ (56) വീടിന്‍റെ കാർ ഷെഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഒരു സ്കൂട്ടിയുമാണ് കത്തി നശിച്ചത്. ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും വാഹനങ്ങൾ പൂർണമായും കത്തി നശിച്ചിരുന്നു.

വാഹനങ്ങൾ കത്തിനശിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. ദിവസങ്ങൾക്കു മുമ്പ് ബാബുവിന്‍റെ വീടിനു മുന്നിൽ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ചെത്തിയ അജ്ഞാതൻ ബാബുവിന്‍റെ വീട് ഇതാണോ എന്നും ഫോൺ നമ്പറും അന്വേഷിച്ചിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇയാളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ബാബുവിന്‍റെ ബന്ധുവായ സ്ഥാനാർത്ഥിയുടെ വീടും കത്തിനശിച്ചു

ചിറയിൻകീഴ് 17-ാം വാർഡ് ആയ പണ്ടകശാലയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബാബുവിന്‍റെ സഹോദരീപുത്രിയായ റ്റിൻ്റുവിൻ്റെ വീട് ദിവസങ്ങൾക്ക് മുമ്പ് കത്തി നശിച്ചിരുന്നു. ചിറയിൻകീഴ് പൊലീസ് അന്വേഷിക്കുന്ന ആ സംഭവത്തിലും ഒരു തുമ്പും കിട്ടിയിട്ടില്ല. രാഷ്ട്രീയ വൈരാഗ്യം മൂലം ആരെങ്കിലും വാഹനം കത്തിച്ചതാണോ എന്ന് ചിറയിൻകീഴ് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here