ആലപ്പുഴ. കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി രജനിക്കും വധശിക്ഷ.
ആലപ്പുഴ അഡീഷണൽ ജില്ല സെഷൻസ് കോടതി മൂന്നിന്റേതാണ് വിധി.
ഒന്നാം പ്രതി പ്രബീഷിനെ കഴിഞ്ഞ ദിവസം വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
ആലപ്പുഴ സ്വദേശികളായ പ്രബീഷും രജനിയും വർഷങ്ങളായി ഒരുമിച്ചായിരുന്നു താമസം.
ഇതിനിടെ പാലക്കാട് ജോലി ചെയ്തിരുന്ന അനിതയുമായി പ്രബീഷ് പ്രണയത്തിലായി.
ഗർഭിണിയായതോടെ വിവാഹ കഴിക്കണമെന്ന ആവശ്യം അനിത ഉയർത്തിയിരുന്നു.
ഗർഭം ഒഴിവാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് പ്രബീഷും രജനിയും ചേർന്ന് കൊല നടത്തിയത്.
രജനിയുടെ തോട്ടുവാത്തലയിലെ വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ ശേഷം പൂക്കൈതയാറ്റിൽ മൃതദേഹം തള്ളി.
കൊലപാതകത്തിന്റെ ക്രൂരത കണക്കിലെടുത്താണ് കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു പ്രബീഷിന്റെ ശിക്ഷാവിധി.
ലഹരിക്കടത്ത് കേസിൽ ഒഡീഷയിലെ ജയിലിലായിരുന്ന രജനിയെ അന്ന് കോടതിയിൽ ഹാജരാക്കാൻ സാധിച്ചില്ല.
കോടതിയുടെ നിർദേശപ്രകാരമാണ് രജനിയുടെ ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റിയത്.
112 സാക്ഷികളുണ്ടായിരുന്ന കേസിൽ 82 പേരെ വിസ്തരിച്ചു.
131 രേഖകളും, പൂക്കൈതയാറ്റിൽ മൃതദേഹം തള്ളാൻ ഉപയോഗിച്ച ഫൈബർ വള്ളമടക്കം 53 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി സാക്ഷി പറഞ്ഞിരുന്നു.

































