തിരുവനന്തപുരം. കേശവദാസപുരം മനോരമ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. പ്രതി ബീഹാർ സ്വദേശിയായ ആദം അലിക്കാണ് ജീവപര്യന്തം കഠിനതടവും 90,000 രൂപ പിഴയും വിധിച്ചത്. കോടതിയിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച പ്രതിയെ പൊലീസും അഭിഭാഷകരും ചേർന്ന് കീഴ്പെടുത്തി.
സ്വർണ്ണവും പണവും കവർച്ച ചെയ്യാനായി 68 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് വിധി. 2021ൽ നടന്ന കൊലപാതകത്തിൽ നാലുവർഷത്തിനു ശേഷമാണ് ശിക്ഷാവിധി. പ്രതി കുറ്റക്കാരൻ എന്ന് വിധിച്ചതിന് പിന്നാലെ ബീഹാർ സ്വദേശിയായ ആദം അലി കോടതിയിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചു. പൊലീസും അഭിഭാഷകരും ചേർന്നാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.
പിന്നാലെയായിരുന്നു ശിക്ഷാവിധി. 362 ആം വകുപ്പു പ്രകാരം ജീവപര്യന്തം കഠിനതടവും 50,000 രൂപയുമാണ് ശിക്ഷ. 449 ആം വകുപ്പ് പ്രകാരം 10 വർഷം തടവും പതിനായിരം രൂപ പിഴയും, 393 ആം വകുപ്പ് പ്രകാരം ഏഴുവർഷം തടവും 10,000 രൂപ പിഴയും , 397 ആം വകുപ്പ് പ്രകാരം ഏഴ് വർഷം തടവും പതിനായിരം രൂപ പിഴയും, 201 ആം വകുപ്പു പ്രകാരം ഏഴുവർഷം തടവും 10,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒറ്റ ജീവപര്യന്തമായി അനുഭവിച്ചാൽ മതി. ആകെ പിടുത്തുക 90,000 രൂപ അടയ്ക്കണം. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവിന് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. മനോരമയുടെ വീടിനു സമീപത്ത് ജോലിക്ക് എത്തിയതായിരുന്നു പ്രതി ആദം അലി. ആളില്ലാത്ത സമയം നോക്കി മനോരമയെ കൊലപ്പെടുത്തി കിണറ്റിലിടുകയായിരുന്നു.
































