ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’യെന്ന തലക്കെട്ടോടെയാണ് വീക്ഷണത്തിന്റെ എഡിറ്റോറിയല്‍. രാഹുലിനെതിരൊയ നീക്കം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎം നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയാണ്. എതിരാളികള്‍ക്കെതിരെയുള്ള വ്യാജമായ ലൈംഗിക ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മില്‍ പടര്‍ന്നുപിടിക്കുന്ന അതിസാരവും ഛര്‍ദിയുമാണെന്ന് വീക്ഷണം മുഖപ്രസംഗം പറയുന്നു.
രാഹുലിന്റെ തലമുറയില്‍പ്പെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വളര്‍ന്നു വരുന്നത് സിപിഎം ഭീതിയോടെ കാണുന്നു. അവരെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. രാഷ്ട്രീയ സര്‍ഗാത്മകതയും പ്രജ്ഞാശേഷിയുമുള്ള ചെറുപ്പക്കാര്‍ വളര്‍ന്നുവന്നാല്‍ അത് സിപിഎമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി സിപിഎം രാഷ്ട്രീയ പ്രതിയോഗികളെയും അവരുടെ നിരപരാധികളായ കുടുംബത്തെയും കണ്ണീര് കുടിപ്പിക്കുകയും സമൂഹത്തിന് മുന്നില്‍ മോശക്കാരായി ചിത്രീകരിക്കുകയും ചെയ്ത ഒട്ടനവധി സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. 1996 ലെ സൂര്യനെല്ലി കേസും 2006 ലെയും 2011 ലെയും ഐസ്‌ക്രീം പാര്‍ലര്‍ കേസും വീക്ഷണം മുഖപ്രസം?ഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. സോളാര്‍ കേസിനു ശേഷം രണ്ടുതവണ സിപിഎം അധികാരത്തില്‍ വന്നെങ്കിലും ഒരു തുണ്ടുകടലാസ് തെളിവുപോലും കണ്ടെത്താന്‍ അന്നത്തെ ഗൂഢാലോചനാ സംഘത്തിനോ അതിന് ജന്മംകൊടുത്ത പിണറായി സര്‍ക്കാരിനോ സാധിച്ചില്ല.
ഇപ്പോഴും സിപിഎം മാലിന്യം വമിക്കുന്ന വ്യാജ കഥകളുണ്ടാക്കുന്നു. മറ്റ് പാര്‍ട്ടികള്‍ക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമൊടുക്കുകയാണ് ഇത്തരം രാഷ്ട്രീയപ്രേരിത ആരോപണങ്ങളുടെയും വ്യക്തിഹത്യയുടെയും ലക്ഷ്യം. അപവാദങ്ങളില്‍ പതറാതെയും വ്യക്തിഹത്യയില്‍ തകരാതെയും ജാഗ്രതയോടെ മുന്നോട്ടു പോകണമെന്നും മുഖപ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയുമ്പോഴാണ്, പാര്‍ട്ടി പത്രം പരസ്യ പിന്തുണയുമായി രംഗത്തു വന്നിട്ടുള്ളത്.
































