തൃശൂർ: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതി വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഭർത്താവ് ഷാരോണിൻ്റെ വീട്ടിൽ നിന്ന് അർച്ചന (20) നിരന്തരം ശാരീരിക പീഡനം നേരിട്ടിരുന്നുവെന്നും ഷാരോണ്‍ തൻ്റെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നും അര്‍ച്ചനയുടെ പിതാവ് ഹരിദാസ് വൈകാരികമായി പ്രതികരിച്ചു.
“അവൻ ഞങ്ങടെ കുഞ്ഞിനെ കൊന്നതാ, ഫോൺ ചെയ്യാൻ പോലും മകളെ അനുവദിച്ചിരുന്നില്ല” എന്ന് ചൂണ്ടിക്കാട്ട് ഭർത്താവിനും ഭർതൃമാതാവിനും എതിരെ ആരോപണവുമായി കുടുബം രംഗത്തെത്തി. നന്തിപുലം മാക്കോത്ത് ഷാരോണിൻ്റെ ഭാര്യ അർച്ചനയാണ് പൊള്ളലേറ്റ് മരിച്ചത്.
മകള്‍ അര്‍ച്ചനയെ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിച്ചിരുന്നതായും പിതാവ് ഹരിദാസ് പറഞ്ഞു. ഷാരോൺ വീട്ടുകാരുമായി സംസാരിക്കാൻ പോലും അർച്ചനയെ അനുവദിച്ചിരുന്നില്ല എന്ന് എന്നും പിതാവ് ആരോപിച്ചു. പിന്നാലെ ഷാരോണിനും മാതാവ് രജനിക്കുമെതിരെ കേസെടുത്ത് പൊലീസ്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് വരന്തിരപ്പിള്ളി പൊലീസ് കേസെടുത്തത്. മരിച്ച അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.
20 വയസുകാരിയായ അർച്ചനയെ ഇന്നലെ വൈകിട്ട് നാലുമണിയോടുകൂടിയാണ് ഭർതൃ വീട്ടിന് സമീപം പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറുമാസം മുൻപാണ് ഷാരോണും അർച്ചനയും പ്രണയിച്ച് വിവാഹിതരായത്. പെയിൻ്റിങ് തൊഴിലാളിയായ ഷാരോൺ മുൻപ് കഞ്ചാവ് കേസിൽ പ്രതിയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.വീട്ടുകാര്‍ സമ്മതിക്കാതിരുന്നതിനാല്‍ ഷാരോണിനൊപ്പം അര്‍ച്ചന ഇറങ്ങിപ്പോവുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അര്‍ച്ചനയെ ഷാരോണ്‍ ഉപദ്രവിക്കാന്‍ തുടങ്ങിയതായി നാട്ടുക്കാർ പറഞ്ഞു. അർച്ചനയുടെ സർട്ടിഫിക്കേറ്റും മറ്റും പിതാവ് ഭർത്ത് വീട്ടിൽ കൊണ്ടു കൊടുത്തിരുന്നു. എന്നാൽ അര്‍ച്ചന പഠിക്കുന്നതില്‍ ഷാരോണിന് താത്പര്യം ഇല്ലായിരുന്നു.
യുവതിയുമായി ഇയാൾ നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായും ഭാര്യയെ സംശയിച്ചിരുന്നതായും ബന്ധുകൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ ഷാരോണിനെയും രജനിയെയും രാത്രി തന്നെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
‘അർച്ചന പഠിച്ചിരുന്ന കോളജിൻ്റെ മുൻവശത്ത് വച്ച് ഷാരോൺ മർദിച്ചിരുന്നു. കോളജിലെ സെക്യൂരിറ്റി ജീവനക്കാരാനാണ് അർച്ചനയുടെ വീട്ടുകാരെ വിവരം അറിയിച്ചത്. അതിന് പിന്നാലെ പൊലീസിന് പരാതി നൽകിയെന്നും പിതാവ് പറഞ്ഞു. ഫോൺ വിളിക്കാൻ സമ്മതിക്കാറില്ലെന്നും, ഷാരോണിന് സംശയമാണ്” പിതാവ് കൂട്ടിച്ചേർത്തു. വീടിന് പിറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്.

































