ശബരിമലയില്‍ അന്നദാനത്തിന് ഇനി സദ്യയുമുണ്ടാകും. ഉച്ചഭക്ഷണത്തിന് പായസത്തോട് കൂടിയുള്ള സദ്യ നല്‍കാന്‍ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. പന്തളത്തെ അന്നദാനത്തില്‍ കാലക്രമേണ മാറ്റം വരുത്താനും തീരുമാനിച്ചിട്ടുണ്ട്.
നിലവിലെ മെനുവിലുള്‍പ്പെട്ട പുലാവും സാമ്പാറും മാറ്റും. ഉച്ചയ്ക്ക് ഈ മെനുവിന് പകരം പായസവും പപ്പടവും കറികളും ഉള്‍പ്പെടുത്തി സദ്യ ഏര്‍പ്പെടുത്തും. ദേവസ്വം കമീഷണറിന് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നും ജയകുമാര്‍ പറഞ്ഞു.
ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തതായും നിലവില്‍ തിരക്ക് നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ഒരു ലക്ഷത്തിലേറെ തീര്‍ഥാടകര്‍ സന്നിധാനത്തെത്തിയിരുന്നു. കൃത്യമായ ഏകീകരണത്തിലൂടെ എല്ലാവര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കാന്‍ കഴിഞ്ഞു. എരുമേലിയില്‍ കൂടി സ്‌പോട്ട് ബുക്കിങ് ആരംഭിക്കും.
































