സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത് കാമുകന് നല്‍കാന്‍ മകള്‍ അമ്മയെ കൊലപ്പെടുത്തി

Advertisement

അമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത് കാമുകന് നല്‍കാന്‍ മകള്‍ അമ്മയെ കൊലപ്പെടുത്തി. തൃശൂര്‍ മുണ്ടൂരിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിട്ടും പോറ്റി വളര്‍ത്തിയ ഏകമകള്‍ തന്നെ ഒടുവില്‍ അമ്മയുടെ ജീവനെടുക്കുകയായിരുന്നു. മുണ്ടൂര്‍ സ്വദേശിനി തങ്കമണി(75) ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഉരലില്‍ തലയിടിച്ച് വീണ് അമ്മ മരിച്ചുവെന്നാണ് മകള്‍ സന്ധ്യ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സന്ധ്യയുടെ ഫോണില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളിലൂടെയാണ് കൊലപാതക വിവരം അറിയുന്നത്. തുടര്‍ന്ന് സന്ധ്യ(45)യെയും കാമുകന്‍ നിതിനെയും(27) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ തങ്കമണിയെ കൊലപ്പെടുത്തിയ ശേഷം സന്ധ്യയും നിതിനും ചേര്‍ന്ന് രാത്രിയോടെ മൃതദേഹം പറമ്പില്‍ കൊണ്ടിട്ടു. വിവരം പൊലീസില്‍ അറിയിച്ചു. പേരാമംഗലം പൊലീസെത്തിയപ്പോള്‍ നെറ്റിയിലുള്ള മുറിവ് ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ സമീപത്തുള്ള ഉരലില്‍ ഇടിച്ചതാകാമെന്ന് കരുതി. സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടതുമില്ല. എന്നാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്ക് അസ്വാഭാവികത തോന്നി. തങ്കമണി ശ്വാസംമുട്ടി മരിച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തി. ഇതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സന്ധ്യയ്ക്ക് ഭര്‍ത്താവും മകനുമുണ്ട്. മകനുമായി നിതിന്‍ സൗഹൃദത്തിലായിരുന്നു. കൊലപാതകത്തിന് ശേഷം ശബരിമലയിലേക്ക് പോയ നിതിന്‍, സന്ധ്യയുടെ മകനെ വിളിച്ച് പൊലീസ് എത്തിയോ, ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ വന്നോ എന്നെല്ലാം നിരന്തരം അന്വേഷിച്ചു. ഇത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ശബരിമലയില്‍ നിന്നും തിരികെയെത്തിയ നിതിനെ കസ്റ്റഡിയിലെടുത്തു. തുടക്കത്തില്‍ നിതിന്‍ സമ്മതിച്ചില്ല. ഇതിനിടെ സന്ധ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും സന്ധ്യ കുറ്റം സമ്മതിച്ചില്ല. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചതോടെ നിതിനുമായി നിരന്തരം സംസാരിച്ചതിന്റെ വിവരങ്ങളും സ്വര്‍ണ്ണവും പണവും കൈമാറിയതിന്റെ വിവരങ്ങളും ലഭിച്ചു.
തെളിവുകള്‍ പൊലീസ് നിരത്തിയതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സ്വര്‍ണ്ണാഭരണം കൈക്കലാക്കാന്‍ അമ്മയെ കൊലപ്പെടുത്തിയെന്നും കഴുത്ത് ഞെരിച്ചും ശ്വാസംമുട്ടിച്ചുമാണ് കൊന്നതെന്നും സന്ധ്യ ഏറ്റുപറഞ്ഞു. രണ്ട് കമ്മലും മാലയും സന്ധ്യയും നിതിനുമെടുത്തു. പിടിവലിയില്‍ മാലയുടെ ഒരുഭാഗം നിതിന്റെ പക്കലുമായി. കമ്മലും മാലയുടെ കഷണവും പണയം വച്ച് ഒന്നര ലക്ഷം രൂപ നിതിന്‍ എടുത്തതായും തെളിഞ്ഞു. നിതിന്റെ കടബാധ്യത തീര്‍ക്കുന്നതിനായാണ് ഇങ്ങനെ ചെയ്തതെന്നും സന്ധ്യ പറയുന്നു.

Advertisement