മത സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ എസ് ഡി പി ഐ പ്രവർത്തകർ ഉൾപ്പെടെ 50 പേർക്കെതിരെ കേസ്

Advertisement

കാസർഗോഡ്. ഉളിയത്തടുക്കയിൽ മത സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകർ ഉൾപ്പെടെ 50 പേർക്കെതിരെ ജാമ്യമില്ല വകുപ്പുപ്രകാരം പോലീസ് കേസെടുത്തു. ജില്ലാ ശുചിത്വ മിഷനും, കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയാണ് ജുമാ നിസ്കാരം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകൾ തടഞ്ഞത്.

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടുകൂടിയാണ് മധുര പഞ്ചായത്തിന് മുൻപിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ജില്ലാ ശുചിത്വമിഷനും ജില്ലാ കുടുംബശ്രീമിഷനും ജില്ലാ ഭരണകൂടവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഫ്ലാഷ് മോബ് നടക്കുന്നതിനിടയിൽ ഒരു സംഘം ആളുകൾ സംഘടിച്ചെത്തി സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തിന് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

വർഗീയ ലഹളയുണ്ടാക്കാൻ പ്രതികൾ മനപ്പൂർവം ശ്രമിച്ചെന്നാണ് പോലീസിന്റെ എഫ്ഐആർ. രണ്ട് എസ്ഡിപിഐ പ്രവർത്തകർ ഉൾപ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തത് . പ്രതികൾ ലഹരി അടിപിടി കേസുകളിലും ഉൾപ്പെട്ടവരാണ്.

Advertisement