കൊച്ചി: വാഹനാപകടത്തില്‍ പരുക്കേറ്റ വധുവിനെ വരന്‍ ആശുപത്രിക്കിടക്കയില്‍ താലികെട്ടി. ആലപ്പുഴ തുമ്പോളി സ്വദേശി ഷാരോണും ആവണിയുമായി അപകടം ഉണ്ടാക്കിയ വേദനക്കിടയിലും വിവാഹിതരായത്. അതേസമയം തന്നെ വിവാഹം നടക്കേണ്ട മണ്ഡപത്തില്‍ എത്തിയ അതിഥികള്‍ക്ക് സദ്യയും വിളമ്പി.
ഇന്ന് ഉച്ചയ്ക്കു 12.12 നും 12.25 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. തണ്ണീര്‍മുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്തു പോയി മടങ്ങും വരെയാണ് വധു ആവണി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ആദ്യം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലെത്തിച്ചു.
അപകട വിവരം അറിഞ്ഞതോടെ വരനും ബന്ധുക്കളും ആശുപത്രിയില്‍ എത്തി. ആരോഗ്യനിലയില്‍ വലിയ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ആശുപത്രികിടക്കയില്‍ വച്ച് താലികെട്ടാന്‍ തീരുമാനിച്ചു. നട്ടെല്ലിന് പരളക്കേറ്റ ആവണിക്ക് ശസ്ത്രക്രിയ ആവശ്യമാണ്. അതേസമയം തന്നെ വിവാഹം നിശ്ചയിച്ച ഓഡിറ്റോറിയത്തില്‍ എത്തിയ അതിഥികള്‍ക്ക് സദ്യയും വിളമ്പി.
































