കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തുകയറി യുവതി മരിച്ചു. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകള്‍ ആതിര (27) ആണ് മരിച്ചത്. കാറോടിച്ച തവനൂര്‍ തൃപ്പാളൂര്‍ സ്വദേശി സെയ്ഫിന് പരുക്കേറ്റു. ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയില്‍ കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.
കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന കണ്ടെയ്നര്‍ ലോറി റോഡരികിലെ മരത്തില്‍ ഇടിച്ചതോടെ വലിയ മരക്കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. ഈ സമയം എതിര്‍ദിശയില്‍ കുന്നംകുളം ഭാഗത്തുനിന്ന് എടപ്പാളിലേക്ക് പോകുകയായിരുന്ന കാറിലേക്ക് കൊമ്പ് പതിച്ചു.
മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് മുന്‍സീറ്റിലിരുന്ന യുവതിയുടെ തലയില്‍ ഇടിക്കുകയായിരുന്നു. ശേഷം കാറിന്റെ പിന്‍വശത്തെ ചില്ലും തകര്‍ത്ത് പുറത്തേക്ക് കുടുങ്ങി.
അപകടത്തില്‍പ്പെട്ട ആതിരയെയും സെയ്ഫിനെയും നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഉടന്‍തന്നെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറി നിര്‍ത്താതെ ഓടിച്ചുപോയതായി ദൃക്സാക്ഷികള്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എടപ്പാളിലെ കെവിആര്‍ ഓട്ടോമൊബൈല്‍സിലെ ജീവനക്കാരിയായിരുന്നു ആതിര. ഭര്‍ത്താവ്: വിഷ്ണു. സഹോദരങ്ങള്‍: അഭിലാഷ്, അനു.
































