കണ്ണൂര്‍ പാലത്തായി പീഡന കേസില്‍ പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന് ജീവപര്യന്തം. പത്മരാജന്‍ കുറ്റക്കാരനെന്ന് തലശ്ശേരി പോക്‌സോ കോടതി ഇന്നലെയാണ് വിധിച്ചത്. ബലാത്സംഗം, പോക്‌സോ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. 2020 ഫെബ്രുവരിയിലാണ് 10 വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന് പരാതി ഉയര്‍ന്നത്. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടായ കേസ് ആയിരുന്നു പാലത്തായി പീഡനം. അവസാനം കേസ് അന്വേഷിച്ച തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ടി.കെ രത്‌നകുമാര്‍ അന്വേഷണം അട്ടിമറിച്ചു എന്നും വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നുമാണ് പ്രതിഭാഗം പറയുന്നത്. ശിക്ഷാവിധിയുടെ പകര്‍പ്പ് ലഭിച്ചശേഷം മേല്‍ക്കോടതിയെ സമീപിക്കാനാണ് തീരുമാനം
ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജന്‍ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2020 ജനുവരിയിലും ഫെബ്രുവരിയിലും മൂന്ന് തവണ പത്മരാജന്‍ പെണ്‍കുട്ടിയെ ശുചിമുറിയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17ന് കേസെടുത്തു. പൊയിലൂര്‍ വിളക്കോട്ടൂരില്‍ നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ അമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതിക്ക് ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ അമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇൗ ഘട്ടത്തിലാണ് നര്‍കോട്ടിക് സെല്‍ എഎസ്പി രേഷ്മ രമേഷ് ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചത്.
































