കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വൈഷ്ണ സുരേഷിന് തിരുവനന്തപുരത്ത് മത്സരിക്കാനാവില്ല

Advertisement

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ മേല്‍വിലാസം തെറ്റെന്ന് ചൂണ്ടിക്കാട്ടി വൈഷ്ണ സുരേഷിന്റെ പേര് പട്ടികയില്‍ നിന്ന് നീക്കി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും കാണിച്ച് സിപിഎം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് അപ്പീല്‍ നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് വൈഷ്ണ സുരേഷ്. സിപിഎമ്മിന് പരാജയഭീതിയാണെന്നും തനിക്ക് ആശങ്കയില്ലെന്നുമാണ് വൈഷ്ണ നേരത്തേ പ്രതികരിച്ചത്.

ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ വൈഷ്ണ പേരൂര്‍ക്കട ലോ കോളജിലെ നിയമ വിദ്യാര്‍ഥിനി കൂടിയാണ്. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് ജേണലിസത്തില്‍ ഡിപ്ലോമ നേടിയ ശേഷം വിവിധ ടിവി ചാനലുകളിലും നഗരത്തിലെ പ്രധാന ഷോകളിലും അവതാരകയായിരുന്നു. ജില്ലയിലെ കോണ്‍ഗ്രസിന്റെ സമരങ്ങളിലും സജീവ സാന്നിധ്യമാണ്.

Advertisement