നാടും നഗരവും തെരഞ്ഞെടുപ്പ് ചൂടിലാണ്. നമ്മൾ ജയിപ്പിച്ചു വിടുന്ന അംഗങ്ങൾക്ക് എത്ര രൂപയാണ് ശമ്പളം എന്നത് പലപ്പോഴും നാം ചിന്തിക്കാറുണ്ട്.
എന്നാൽ കരുതുന്നത്ര ശമ്പളം ഇവർക്കൊന്നും ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് 16,800 ലഭിക്കുമ്പോൾ വൈസ് പ്രസിഡന്റിന് 14,200 രൂപയാണ് ലഭിക്കുന്നത്. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന് 10,400 രൂപയും ജില്ലാ പഞ്ചായത്ത് അംഗത്തിന് 9,800 രൂപയും ലഭിക്കും. ഇനി നഗരസഭയിലേക്ക് വന്നാൽ നഗരസഭ ചെയർമാന് 15,600 ലഭിക്കുമ്പോൾ വൈസ് ചെയർമാന് 13,000 ലഭിക്കും. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന് 9,800 രൂപയും നഗരസഭ കൗൺസിലർക്ക് 8,600 രൂപയും ലഭിക്കും.
കൂട്ടത്തിൽ താരതമ്യേന കൂടുതൽ ലഭിക്കുന്നത് കോർപറേഷനിലാണ്. ഒരു മേയർക്ക് 15,800 രൂപ ലഭിക്കുമ്പോൾ ഡെപ്യൂട്ടി മേയർക്ക് ലഭിക്കുന്നത് 13,200 രൂപയാണ്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 9,400 രൂപയും കൗൺസിലർക്ക് 8,200 രൂപയും ലഭിക്കും. ഇനി ഒരു ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡറന്റിന് 15,600 രൂപ ലഭിക്കുമ്പോൾ വൈസ് പ്രസിഡന്റിന് ലഭിക്കുന്നത് 13,000 രൂപ. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന് 9,800 രൂപയും ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് 8,600 രൂപയും ലഭിക്കും.
ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിന് 14,200 രൂപയും വൈസ് പ്രസിഡന്റിന് 11,600 രൂപയുമാണ് ശമ്പളം. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാണ് 9,200 രൂപയും ഒരു പഞ്ചായത്ത് അംഗത്തിന് 8,000 രൂപയും ലഭിക്കുന്നു. ഇതിനുപുറമെ പ്രതിമാസ ശമ്പളത്തിന് പുറമേ തദ്ദേശസ്ഥാപനങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് അംഗങ്ങൾക്ക് ബത്തയുണ്ട്. ഗ്രാമ, ബ്ളോക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കും മുൻസിപാലിറ്റികളിലെ ചെയർമാൻ, വൈസ് ചെയർമാൻ പദവി വഹിക്കുന്നവർക്കും കോർപ്പേറേനുകളിലെ മേയർമാർക്കും ഡെപ്യൂട്ടി മേയർമാർക്കും സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്കും ഒരു യോഗത്തിന് 250 രൂപ വരെ ബത്ത ലഭിക്കും. ഒരുമാസം പരമാവധി 1,250 രൂപയാണ് ഹാജർ ബത്തയായി എഴുതിയെടുക്കാനാവുക. ഗ്രാമപഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെയുള്ള സമിതികളിലെ മെമ്പർമാർക്ക് 200 രൂപയാണ് ഒരു യോഗത്തിന് ഹാജർ ബത്ത.
































