വയനാട്. തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കടത്തിയിരുന്ന 86 ലക്ഷം രൂപ പിടികൂടി. മഹാരാഷ്ട്ര സ്വദേശികളിൽ നിന്നാണ് പണം പിടികൂടിയത്
ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിലായിരുന്നു പരിശോധന. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കുഴൽപ്പണം. മഹാരാഷ്ട്ര സംഗ്ലി ജില്ലയിലെ സാൻകേത് തുക്കാറാം നിഗം,, ഉമേഷ് പട്ടേൽ എന്നിവരാണ് പണം കടത്തിയിരുന്നത്. പണത്തിന്റെ ഒരു രേഖയും ഉണ്ടായിരുന്നില്ല. 86അര ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.
തുടർനടപടികൾക്കായി തുക ആദായ നികുതി വകുപ്പിന് കൈമാറി. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബൈജു, തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പ്രിവന്റിവ് ഓഫീസർ കെ ജോണി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഈ മാസമാണ് മീനങ്ങാടിക്ക് സമീപം എക്സൈസ് പരിശോധനയിൽ ഒരുകോടി 36 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത്.

































