മണ്ണാറശ്ശാല ആയില്യം ഇന്ന്

Advertisement

മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തില്‍ ആയില്യം എഴുന്നള്ളത്തും പൂജയും ഇന്ന് നടക്കും. നാഗരാജാവിന്റെ അനുഗ്രഹം തേടി പതിനായിരക്കണക്കിന് ഭക്തര്‍ മണ്ണാറശാലയിലേക്ക് ഒഴുകിയെത്തും.

രാവിലെ 4ന് നട തുറക്കും, 6 മണിയോടെ കുടുംബകാരണവര്‍ ആയില്യം നാളിലെ പൂജകള്‍ ആരംഭിക്കും.വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യംനാളില്‍ ചാര്‍ത്തുന്നത്. 9മുതല്‍ ഇല്ലത്ത് നിലവറയ്ക്ക് സമീപം അമ്മ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കും. രാവിലെ 10മുതല്‍ മണ്ണാറശാല യു പി സ്‌കൂള്‍ അങ്കണത്തില്‍ മഹാപ്രസാദമൂട്ട്.


ഉച്ചപൂജയ്ക്കശേഷം കുടുംബകാരണവരുടെ നേതൃത്വത്തില്‍ നിലവറയോട് ചേര്‍ന്നുള്ള തളത്തില്‍ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും. കളം പൂര്‍ത്തിയാകുന്നതോടെ അമ്മ തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ക്ഷേത്രത്തിലെത്തി ചടങ്ങുകള്‍ക്ക് ശേഷം ആയില്യം എഴുന്നള്ളത്ത് നടക്കും. എഴുന്നള്ളത്ത് ഇല്ലത്ത് എത്തുന്നതോടെ അമ്മയുടെ കാര്‍മ്മികത്വത്തില്‍ ആയില്യം പൂജ ആരംഭിക്കും.

നൂറുംപാലും, ഗുരുതി, തട്ടിന്‍മേല്‍ നൂറുംപാലും ഉള്‍പ്പടെയുള്ള ആയില്യം പൂജകള്‍ പൂര്‍ത്തിയാകുമ്പോള്‍ അര്‍ദ്ധരാത്രിയാകും. ആയില്യം പൂജകള്‍ക്ക് ശേഷം അമ്മയുടെ അനുമതിവാങ്ങി കുടുംബകാരണവര്‍ നടത്തുന്ന തട്ടിന്മേല്‍ നൂറുംപാലും പ്രധാനമാണ്. ഇതിന് ശേഷം അമ്മയുടെ ആചാരപരമായ ക്ഷേത്രദര്‍ശനത്തോടെ ആയില്യം നാളിലെ ആഘോഷങ്ങള്‍ പൂര്‍ത്തിയാകും.നാഗചൈതന്യം നിറഞ്ഞു നില്‍ക്കുന്ന മണ്ണാറശ്ശാലയിലേക്ക് പതിനായിരങ്ങളാണ് ഇന്നലെ പൂയം തൊഴാന്‍ എത്തിയത്. തിരുവാഭരണം അണിഞ്ഞ് പൂയം നാളില്‍ നാഗരാജാവും സര്‍പ്പയക്ഷിയമ്മയും ദര്‍ശനസുകൃതമേകി.
മണ്ണാറശ്ശാല ആയില്യം ഉത്സവത്തോട് അനുബന്ധിച്ച് ഇന്ന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി നല്‍കി. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

Advertisement