പാലക്കാട് ബിജെപിയിൽ തർക്കം രൂക്ഷമാവുന്നു; സ്ഥാനാർത്ഥികൾ ഭൂരിഭാ​ഗവും കൃഷ്ണകുമാർ പക്ഷം, നേതൃത്വത്തിന് പരാതി

Advertisement

പാലക്കാട്: തദ്ദേശ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് നഗരസഭയിൽ സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപിയിൽ ഭിന്നത. ഭൂരിഭാഗവും സംസ്ഥാന വൈസ് പ്രസിഡൻറ് സി കൃഷ്ണകുമാർ പക്ഷത്തിന്റെ സ്ഥാനാർത്ഥികളെന്നാണ് മറുഭാഗം ഉന്നയിക്കുന്നത്. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ അടക്കമുള്ളവരാണ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്. മിനി കൃഷ്ണകുമാറും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. ചെയർപേഴ്സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് എന്നിവർ പട്ടികയിൽ ഇല്ല.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പ്രമീള ശശിധരൻ ഉൾപ്പടെയുള്ളവരോട് കൂടി ആലോചിച്ചില്ലെന്നാണ് മറു വിഭാഗം ഉയർത്തുന്ന വിമർശനം. മുതിർന്ന നേതാവ് ശിവരാജനെയും സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ പല സീറ്റുകളിലും തർക്കം ഉടലെടുത്തിരിക്കുകയാണ്. അതേസമയം, സംഭവത്തിൽ സംസ്ഥാന നേതൃത്വത്തെ വിളിച്ചു ഒരു വിഭാഗം പരാതി പറഞ്ഞതായാണ് റിപ്പോർട്ട്. പാലക്കാട് ജില്ലയുടെ ചാർജുള്ള കെ കെ അനീഷ് കുമാർ ഉൾപ്പടെയുള്ളവർ ഇടപെട്ടു കഴിഞ്ഞിട്ടുണ്ട്.

പാലക്കാട് മുന്നണികൾക്ക് തലവേദന

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാലക്കാട് ജില്ലയിൽ മുന്നണികൾക്ക് തലവേദനയായി വിഭാഗീയ പ്രശ്നങ്ങളും കൂറ് മാറ്റവും. കടുത്ത വിഭാഗീയ പ്രശ്നങ്ങൾ പാലക്കാട് നഗരസഭയിൽ ബിജെപിക്ക് തിരിച്ചടി ഉണ്ടാക്കുമ്പോൾ, വി 4 പട്ടാമ്പിയിലെ ഒരു വിഭാഗത്തിന്റെ കൂറ് മാറ്റവും കൊഴിഞ്ഞാമ്പാറയിലെ വിഭാഗീയതയും എൽഡിഎഫിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. അതേസമയം സീറ്റ് ചർച്ചകൾ പൂർത്തിയാക്കുന്നതിനു മുമ്പ് യുഡിഎഫിനുള്ളിൽ വിമതനീക്കവും സജീവമാണ്.

ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭ, ജില്ലാ പഞ്ചായത്ത്- എല്ലായിടത്തും സമഗ്രാധിപത്യമാണ് ഇടതിന്. പക്ഷേ ഇത്തവണ എണ്ണം കൂട്ടാനാവുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. നഗരസഭ നിലനിർത്തുന്നതിനൊപ്പം, അഞ്ചു പഞ്ചായത്തുകൾ, എല്ലാപഞ്ചായത്തിലും ഒരു അംഗം എന്നിവയാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാൽ വിഭാഗീയത, വിമത നീക്കം, കൂറുമാറ്റം എന്നിവ മുന്നണികളുടെ കണക്കുകൂട്ടലുകൾക്കുമപ്പുറം പ്രതിസന്ധിയാണ്.

ബിജെപി ഭരിക്കുന്ന ജില്ലയിലെ ഏക തദ്ദേശ സ്ഥാപനമാണ് പാലക്കാട് നഗരസഭ. നിലവിലെ ചെയർപേഴ്സണെ പുറത്താക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടതും, മുൻ ചെയർപേഴ്സൺ പ്രിയ അജയൻ നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പെഴുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചതും വിഭാഗീയതയുടെ ഒടുവിലത്തെ ഉദാഹരണം. എന്നാൽ എല്ലാം മാധ്യമ സൃഷ്ടിയെന്നാണ് നേതൃത്വം പറയുന്നത്.

യുഡിഎഫ് പിന്തുണയോടെ മത്സരിക്കാൻ തീരുമാനിച്ച കൊഴിഞ്ഞാംപാറയിലെ സിപിഎം വിമതർ, പട്ടാമ്പി നഗരസഭയിൽ വിഫോർ പട്ടാമ്പി മുന്നണി വിട്ടത്, നെല്ലായ, വല്ലപ്പുഴ, കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകളിലെ സിപിഎമ്മിലെ വിഭാഗീയതയെ തുടർന്നാണ്. മണ്ണാർക്കാട്ടെ പികെ ശശിയുടെ നീക്കങ്ങൾ, യുഡിഎഫുമായി ചർച്ച നടത്തുന്ന സേവ് സിപിഐ. തലവേദനകൾ നിരവധിയാണ് എൽഡിഎഫിന്. ഇതൊന്നും തിരിച്ചടിയല്ലെന്നാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ.

സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിൽ നിൽക്കുമ്പോൾ വെൽഫെയർ പാർട്ടിയെ ചൊല്ലിയാണ് യുഡിഎഫിൽ തർക്കം. പാലക്കാട് നഗരസഭയിൽ ഔദ്യോഗിക സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ലീഗ് നേതൃത്വം ശ്രമിക്കുന്നുവെന്നാണ് ആരോപണം. മുസ്ലിംലീഗിലെ മുൻ നഗരസഭ വൈസ് ചെയർമാൻ അബ്ദുൽ അസീസിൻറെ ഒരു വിഭാഗമാണ് വിമത നീക്കത്തിനൊരുങ്ങുന്നത്. എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് നേതാക്കൾ പറയുന്നു.

Advertisement