തിരുവനന്തപുരം.നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ബദൽ പ്ലാനുമായി സർക്കാർ. നെല്ല് സംഭരണത്തിന് ഫുഡ് കോർപ്പറേഷനും സഹകരണ സംഘങ്ങളും രംഗത്തിറങ്ങുമെന്ന് മന്ത്രി ജി ആർ അനിൽ. കുട്ടനാട്ടിൽ സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ എഫ്സിഐ നെല്ല് സംഭരിച്ച് സർക്കാരിന് നൽകും. പാലക്കാട് സഹകരണ സംഘങ്ങളെ ഉപയോഗിച്ച് സംഭരണം നടത്താനാണ് തീരുമാനം. മില്ലുടമകളുടെ ചൂഷണം അവസാനിപ്പിക്കാനാണ് സംഭരണത്തിന് സർക്കാർ ബദൽ മാർഗം കണ്ടെത്തിയതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കുട്ടനാട്ടിലെ കർഷകരെ മുൻനിർത്തിയുള്ള വിലപേശലായിരുന്നു മില്ലുടമകളുടെ ലക്ഷ്യമെന്നും മന്ത്രി വിമർശിച്ചു. നിലവിൽ ആറ് സ്വകാര്യമില്ലുകളും നെല്ല് സംഭരിക്കുന്നുണ്ട്. ഇതുവരെ സംഭരിച്ച നെല്ലിന്റെ തുക ഉടൻ നൽകുമെന്നും മന്ത്രിമാർ വ്യക്തമാക്കി.



































