ശബരിമലയില്‍ ചെറിയ ഷാംപൂ പാക്കറ്റുകള്‍ (സാഷേകള്‍) ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി. പ്ലാസ്റ്റിക് ഉപയോഗം പരിസ്ഥിതിക്ക് ദോഷകരമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ബെഞ്ചിന്റെ നിര്‍ദേശം. പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വില്‍പ്പനയും ഹൈക്കോടതി വിലക്കി. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലം ആരംഭിക്കാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിശോധിക്കുകയായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ച്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ കോടതി പരിശോധിച്ചു. തീര്‍ഥാടനത്തിനുള്ള 52 ഇടത്താവളങ്ങളിലേയും ഒരുക്കങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ദേവസ്വം ബോര്‍ഡിനു നിര്‍ദേശമുണ്ട്. ഇടത്താളവങ്ങളിലെ സൗകര്യങ്ങള്‍ സംബന്ധിച്ച് സ്‌പെഷല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിര്‍ദേശം.
വലിയതോട്ടിലെ മാലിന്യം നീക്കം ചെയ്‌തെന്ന് എരുമേലി ഗ്രാമപഞ്ചായത്ത് കോടതിയെ അറിയിച്ചു. എരുമേലിയില്‍ എത്തുന്ന ഭക്തരില്‍ വലിയൊരു വിഭാഗം പേട്ടയ്ക്കു മുമ്പും ശേഷവും വലിയതോട്ടിലാണ് കുളിക്കുന്നത്. എന്നാല്‍ തോട്ടില്‍ വലിയ തോതില്‍ മാലിന്യം കണ്ടെത്തിയെന്നും തുടര്‍ന്ന് നീക്കം ചെയ്‌തെന്നുമാണ് പഞ്ചായത്ത് കോടതിയെ അറിയിച്ചിരിക്കുന്നത്.
































