പുരാവസ്‌തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം. കൊച്ചി കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. ഏകദേശം 20 കോടി രൂപ വിലമതിക്കുന്ന വസ്തുക്കൾ നഷ്ടപ്പെട്ടതായി മോൺസണിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
മോൻസണിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന പുരാവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത് കലൂരിലെ വാടക വീട്ടിലാണ്. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് ഈ വീട്. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ എടുക്കാൻ മോൻസണ് കോടതി അനുമതി നൽകിയിരുന്നു. തുടർന്ന് ഇതിനായി പരോൾ അനുവദിക്കുകയും ചെയ്തു.
സാധനങ്ങളെടുക്കാൻ മോൻസൺ വാടക വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരോളിലുള്ള പ്രതിയുമായി പൊലീസ് വീട്ടിൽ പരിശോധന നടത്തുന്നു.
































