കൊല്ലം. ആരോഗ്യവകുപ്പിൻ്റെ അനാസ്ഥ സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു. പന്മന സ്വദേശി വേണുവാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ മരിച്ചത്.അടിയന്തിര ചികിത്സ നിർദേശിച്ച് മെഡിക്കൽ കോളേജിലേക്ക് അയച്ച വേണുവിന് ആറ് ദിവസമായി യാതൊരു ചികിത്സയും ലഭിച്ചില്ലെന്ന് കുടുംബം.സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. തനിക്ക് ചികിത്സ നിഷേധിച്ചിതായ് വേണു പറയുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നു.
മരണം സംഭവിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വേണു സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വേണു അനുഭവിച്ച ദുരവസ്ഥ വ്യക്തമാണ്. നായെ നോക്കുന്നതുപോലെപോലും പരിഗണിച്ചില്ലെന്നും താന്‍ മരിച്ചാല്‍ ഈ വിവരം പുറത്തുവിടണമെന്നും സുഹൃത്തിനുള്ള സന്ദേശത്തില്‍ പറയുന്നുണ്ട്.
നെഞ്ച് വേദനയെ തുടർന്ന് ഇക്കഴിഞ്ഞ 31നാണ് വേണുവിനെ ചവറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, തുടർന്ന് ജില്ലാ ആശുപത്രിയിലേക്കും എത്തിച്ചത്. അടിയന്തിര ചികിത്സ വേണമെന്ന് ഡോക്ടർന്മാർ നിർദ്ദേശിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഞ്ച് ദിവസം മെഡിക്കൽ കോളേജിൽ കഴിഞ്ഞിട്ടും യാതോരു ചികിത്സയും ലഭിച്ചില്ലെന്നാണ് മരിക്കുന്നതിന് മുൻപ് വേണുവിൻ്റെ അയച്ച സന്ദേശത്തിൽ പറയുന്നത്. വേണുവിന് ചികിത്സ നൽകിയില്ലെന്ന് വേണുവിൻ്റെ ഭാര്യ പറഞ്ഞു.
ഇന്നലെ വൈകിട്ടോടെ ആരോഗ്യനില മോശമായ വേണു മരിച്ചു. മരണ വിവരം പോലും അറിയിച്ചത് വൈകിയാണെന്നും കുടുംബം പറഞ്ഞു.സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകി.
അതേ സമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ വിശദീകരണം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ചികിത്സാ നിഷേധത്തിൽ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരടക്കം പ്രതിഷേധവുമായി രംഗത്ത് എത്തി. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇടപ്പള്ളിക്കോട്ടയിൽ ദേശീയ പാത ഉപരോധിച്ചു.
വേണുവിൻ്റെ സംസ്ക്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു




































