തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ കൊടുമണ്‍ സ്വദേശിയായ വിജയന്‍ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു 57 കാരനായ വിജയന്‍. രോഗപ്പകര്‍ച്ചയുടെ ഉറവിടം വ്യക്തമല്ല. വീണ് കാലിനു പരിക്കേറ്റാണ് പ്രമേഹരോഗിയായ വിജയന്‍ ചികിത്സ തേടുന്നത്. താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്.
പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇന്നു രാവിലെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഈ വര്‍ഷം ഇതുവരെ മരിച്ചത് 36 പേരാണ്. ഈ മാസം നാലു വരെ സംസ്ഥാനത്ത് ഏഴുപേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു മരണവും സംഭവിച്ചിരുന്നു. ആറ്റിങ്ങല്‍ സ്വദേശിയുടെ മരണത്തോടെ ഈ മാസം സംഭവിക്കുന്ന നാലാമത്തെ മരണമാണ്.
































