തിരുവനന്തപുരം: മേയറായി സിപിഎമ്മിന്റെ ആര്യാ രാജേന്ദ്രൻ ചുമതലയേറ്റപ്പോൾ അഭിനന്ദിച്ച് പോസ്റ്റിട്ട സൊഹ്റാൻ മംദാനി ഇന്ന് ന്യൂയോർക്ക് സിറ്റിയുടെ 111-ാം മേയർ. 2020-ലാണ് 21-ാം വയസ്സിൽ തിരുവനന്തപുരത്തിന്റെ മേയറായി ചുമതലയേറ്റ ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ച് മംദാനി ട്വീറ്റ് ചെയ്തത്. ഇങ്ങനെയുള്ള മേയറെയാണ് ന്യൂയോർക്കിനും ആവശ്യം എന്നായിരുന്നു പോസ്റ്റ്. മംദാനി ന്യൂയോർക്കിൽ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ മലയാളികൾ മംദാനിയുടെ പഴയ പോസ്റ്റ് വീണ്ടും ചർച്ചയാക്കിയിരുന്നു.
സിപിഎം പുതുച്ചേരി ഘടകത്തിന്റെ ട്വീറ്റാണ് മംദാനി അന്ന് പങ്കുവെച്ചത്. ‘സഖാവ് ആര്യ രാജേന്ദ്രൻ, വയസ്സ് 21, കേരളത്തിലെ തിരുവനന്തപുരത്തിന്റെ പുതിയ മേയർ. ലോകത്തിലെ ഒരു പ്രധാന നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരിക്കും അവർ,’ എന്നായിരുന്നു പോസ്റ്റ്. 21 വയസ്സുള്ളപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത് ഏറെ ചർച്ചയായിരുന്നു. ഇന്ത്യൻ-അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് മീര നായരുടെ മകനാണ് സൊഹ്‌റാൻ മംദാനി. ഉഗാണ്ടയിൽ ജനിച്ച് 7 വയസ്സുള്ളപ്പോൾ യുഎസിലേക്ക് മാറിയ മംദാനി ഒരു സ്വയം പ്രഖ്യാപിത സോഷ്യലിസ്റ്റാണ്.




































