വൈക്കത്ത് വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. ബൈക്ക് യാത്രികനായ വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്. രാവിലെ 9 മണിയോടെ വൈക്കം നാനാടത്ത് ആയിരുന്നു അപകടം വൈക്കത്തു നിന്നു പൂത്തോട്ടയിലെ സ്വകാര്യ കോളജിലേക്കു ബൈക്കിൽ പോവുകയായിരുന്നു മുഹമ്മദ് ഇർഫാൻ.
വൈക്കം ഇർഫാൻ മൻസിൽ നാസറിന്റെ മകനാണ് മുഹമ്മദ് ഇർഫാൻ. ബിഎസ്‌സി സൈബർ ഫോറൻസിക് വിദ്യാർഥിയാണ്. രാവിലെ കോളജിലേക്ക് പോകുമ്പോൾ മുഹമ്മദ് ഇർഫാൻ സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ വരികയായിരുന്ന മിനി ലോറിയിൽ ഇടിച്ച ശേഷം വൈദ്യുതി തൂണിൽ ഇടിച്ച് മറിയുകയായിരുന്നു. തലയിൽ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണമായത്.
































