ബിജെപിക്കാർ മകനെ സ്ഥാനാർഥിയാക്കാൻ ശ്രമിച്ചുവെന്ന് ആത്മകഥയിൽ ഇ.പി.ജയരാജൻ

Advertisement

കണ്ണൂർ: ബിജെപിക്കാർ മകനെ സ്ഥാനാർഥിയാക്കാൻ ശ്രമിച്ചുവെന്ന് ഇ.പി.ജയരാജൻ. ഇന്ന് പുറത്തിറങ്ങിയ ‘ഇതാണെന്റെ ജീവതം’ എന്ന തന്റെ ആത്മകഥയിലാണ് ഇ.പി.ജയരാജന്റെ വെളിപ്പെടുത്തൽ.

‘എറണാകുളത്ത് ഒരു വിവാഹച്ചടങ്ങിൽവെച്ച് അവർ മകനെ പരിചയപ്പെടുകയും ഫോൺനമ്പർ വാങ്ങുകയും ചെയ്തു. തുടർന്ന് ഒന്നുരണ്ടു തവണ അവനെ വിളിച്ചു. അതൊരു തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ശ്രമമാണെന്നു തോന്നി. അവൻ ഫോൺ എടുത്തില്ല. ഇവർ സദുദ്ദേശ്യത്തോടെയല്ല വിളിക്കുന്നത് എന്നു മനസ്സിലാക്കിക്കൊണ്ടായിരുന്നു അത്. എന്നിട്ടും അവർ എത്ര നിസാരമായാണ്, തികഞ്ഞ ആധികാരികതയോടെയെന്നോണം പച്ചക്കള്ളം പറഞ്ഞത്.’- ഇ.പി ‘വീണ്ടും വിവാദം’ എന്ന അധ്യായത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം, വൈദേകം റിസോർട്ട് വിവാദത്തിൽ സി.പി.എം നേതൃത്വത്തോടുള്ള അമർഷവും ആത്മകഥയിൽ പരസ്യമാക്കുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി. ജയരാജൻ വൈദേകം ആയുർവേദ റിസോർട്ട് നിക്ഷേപത്തിൽ അഴിമതി ആരോപണം ഉന്നയിച്ചതായ വാർത്ത വലിയ വിഷമമാണുണ്ടാക്കിയത്.

ആ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞിരുന്നില്ല. ദിവസങ്ങളോളം വാർത്തകൾ പുറത്തുവന്നെങ്കിലും എന്താണ് സംഭവിച്ചതെന്ന വിഷയം മാത്രം പുറത്തുവന്നില്ല. അടുത്ത യോഗത്തിലാണ് സത്യാവസ്ഥ വ്യക്തമാക്കിയത്. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനം പോലെ സഹായിക്കാൻ പാടുണ്ടോ എന്നുമാത്രമാണ് പറഞ്ഞതെന്ന് പി. ജയരാജൻ പിന്നീട് പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതിലെ പ്രയാസം കേന്ദ്രകമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. താൻ പങ്കെടുക്കാത്ത സെക്രട്ടേറിയറ്റ് യോഗത്തിലാണ് മാറ്റാൻ ആദ്യചർച്ച നടന്നതെന്നും പുസ്തകത്തിൽ വിവരിക്കുന്നു.
കൂത്തുപറമ്പ് വെടിവെപ്പ്, വധശ്രമങ്ങൾ, ഉമ്മൻ ചാണ്ടി ഭരണകാലത്തെ നിയമസഭ പ്രക്ഷോഭങ്ങൾ, മന്ത്രി, എം.എൽ.എ എന്ന നിലയിൽ ഉണ്ടായ അനുഭവങ്ങൾ, ജയിൽവാസം, എ.കെ.ജിയും അഴീക്കോടൻ രാഘവനും അടക്കമുള്ള നേതാക്കളുമൊത്തുള്ള ഓർമകൾ, നക്സലൈറ്റ് വർഗീസുമായുള്ള ആത്മബന്ധം തുടങ്ങിയവ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്.

ഇ.പി. ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി കഥാകൃത്ത് ടി. പത്മനാഭന് ആദ്യ കോപ്പി നൽകി. പലരീതിയിലുള്ള അസത്യങ്ങളും അർധസത്യങ്ങളും ഉപയോഗിച്ച് ഇ.പി. ജയരാജനെതിരെ വലതുപക്ഷ ശക്തികൾ കള്ളപ്രചാരണങ്ങൾ നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ജയരാജനും പലവിധത്തിലുള്ള ദുരാരോപണങ്ങൾ നേരിടേണ്ടിവന്നു. കട്ടൻചായയും പരിപ്പുവടയും എന്ന പ്രയോഗത്തെ രൂപകമാക്കി ഉപയോഗിച്ച് ജയരാജനെയും കമ്യൂണിസ്റ്റുകാരെ മുഴുവനും ആക്ഷേപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കട്ടൻചായയും പരിപ്പുവടയും പരിഹാസ പ്രയോഗമാക്കി ഉപയോഗിച്ചു. ശിശുസഹജമായ നിഷ്‌കളങ്കത കാത്തുസൂക്ഷിക്കുന്ന നേതാവാണ് ജയരാജനെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement