കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഭാര്യയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി കാപ്പ തടവുകാരൻ. ഒന്നാം ബ്ലോക്കിലെ തടവുകാരനായ തൃശൂർ സ്വദേശി ഗോപകുമാറാണ് സെല്ലിൽ നിന്ന് ഫോൺ ഉപയോഗിച്ചത്. ഇയാളിൽ നിന്ന് ഫോൺ കണ്ടെത്തിയതോടെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
ഒന്നാം ബ്ലോക്കിലെ 15 ആം നമ്പർ സെല്ലിൽ നിന്നാണ് ഗോപകുമാർ തൃശൂർ ആമ്പല്ലൂരിലെ വീട്ടിൽ കഴിയുന്ന ഭാര്യയെ ഫോണിൽ വിളിക്കുന്നത്. സംഭാഷണത്തിൽ ഉടനീളം ഭീഷണിയും തെറിവിളിയുമാണ്. ജയിലിലെ ലഹരി ഇടപാടിന് പണം എത്തിച്ചുനൽകാത്തതിനെ തുടർന്നുള്ള ഭീഷണിയാണെന്നാണ് ഭാര്യയുടെ പരാതി
ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത യുവതി കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സെല്ലിൽ ഒളിപ്പിച്ച നിലയിൽ ഫോൺ കണ്ടെത്തിയത്. ജയിലിനകത്തേക്കും പുറത്തേക്കും നിരന്തരം ഫോൺ വഴി ആശയവിനിമയം നടത്താറുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഗോപകുമാറിന്റെ കോൾ ഹിസ്റ്ററി. ഭാര്യയുടെ പരാതിക്ക് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലായിരുന്നു. സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കാപ്പ തടവുകാരനായ ഗോപകുമാറിനെ പത്താം ബ്ലോക്കിലേക്ക് മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഫോണുകൾ പിടികൂടാറുണ്ടെങ്കിലും, ഫോൺ ഉപയോഗത്തിന്റെ പ്രകടമായ തെളിവ് പുറത്തുവരുന്നത് ഇതാദ്യമാണ്

































